പഞ്ചാബിന് ബാറ്റിംഗ് തകർച്ച; കൊൽക്കത്തയ്ക്ക് 124 റൺസ് വിജയലക്ഷ്യം

പഞ്ചാബ് കിംഗ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 124 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 123 റൺസാണ് നേടിയത്. പഞ്ചാബ് നിരയിൽ ക്രിസ് ജോർഡനു മാത്രമാണ് മികച്ച ബാറ്റിംഗ് കാഴ്ച വെക്കാൻ കഴിഞ്ഞത്. മായങ്ക് അഗർവാളാണ് (31) പഞ്ചാബിൻ്റെ ടോപ്പ് സ്കോറർ. കൊൽക്കത്തക്കായി പ്രസിദ്ധ് കൃഷ്ണ 3 വിക്കറ്റ് വീഴ്ത്തി.
സീസണിലെ ആദ്യ മത്സരം നടക്കുന്ന നരേന്ദ്രമോദി സ്റ്റേഡിയത്തിലെ പിച്ചിനെപ്പറ്റി യാതൊരു ധാരണയും ഇല്ലാതെയാണ് പഞ്ചാബ് താരങ്ങൾ ബാറ്റ് വീശിയത്. അറ്റാക്ക് ചെയ്യണോ ഡിഫൻഡ് ചെയ്യണോ എന്ന സംശയത്തിലായിരുന്നു ഓപ്പണർമാർ. ആറാം ഓവറിൽ തുടർച്ചയായ രണ്ടാം സിക്സറിനു ശ്രമിച്ച ലോകേഷ് രാഹുൽ കമ്മിൻസിനു വിക്കറ്റ് സമ്മാനിച്ച് മടങ്ങി. പവർപ്ലേയിൽ രാഹുലിനെ നഷ്ടപ്പെടുത്തി 37 റൺസ് മാത്രമാണ് പഞ്ചാബിനു നേടാനായത്.
ക്രിസ് ഗെയിൽ (0), ദീപക് ഹൂഡ (1) എന്നിവർ വേഗം മടങ്ങി. പിടിച്ചുനിൽക്കാൻ ശ്രമിച്ച മായങ്ക് അഗർവാളും വൈകാതെ പവലിയനിലെത്തി. 34 പന്ത് നേരിട്ടാണ് അഗർവാൾ 31 റൺസ് നേടിയത്. യഥാക്രമം ശിവം മവി, പ്രസിദ്ധ് കൃഷ്ണ, സുനിൽ നരേൻ എന്നിവർക്കായിരുന്നു വിക്കറ്റ്. മോയിസസ് ഹെൻറിക്കസ് (2) നരേനു മുന്നിൽ വീണു. നന്നായി ബാറ്റ് ചെയ്ത് വന്നിരുന്ന നിക്കോളാസ് പൂരനെ വരുൺ ചക്രവർത്തി പുറത്താക്കി. ഷാരൂഖ് ഖാൻ (13) പ്രസിദ്ധിനു മുന്നിൽ വീണപ്പോൾ രവി ബിഷ്ണോയ് (1) കമ്മിൻസിൻ്റെ ഇരയായി മടങ്ങി. അവസാന ഓവറുകളിൽ ചില കൂറ്റൻ ഷോട്ടുകൾ കളിച്ച ക്രിസ് ജോർഡൻ ആണ് പഞ്ചാബിനെ 120 കടത്തിയത്. ജോർഡൻ (30) പ്രസിദ്ധ് എറിഞ്ഞ അവസാന ഓവറിൽ പുറത്തായി. ഷമി (1), അർഷ്ദീപ് സിംഗ് (1) എന്നിവർ പുറത്താവാതെ നിന്നു.
Story highlights: kkr need 124 runs to win vs pbks
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here