കൊവിഡ്: ഐപിഎൽ മതിയാക്കി അമ്പയർമാരും മടങ്ങുന്നു

ഐപിഎൽ മതിയാക്കി അമ്പയർമാരും മടങ്ങുന്നു. രാജ്യത്തെ കൊവിഡ് സാഹചര്യം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി. ഇന്ത്യൻ അമ്പയർ നിതിൻ മേനോൻ, ഓസ്ട്രേലിയൻ അമ്പയർ പോൾ റീഫൽ എന്നിവരാണ് മടങ്ങുന്നത്. വിവിധ ടീമുകളിൽ നിന്നായി പല താരങ്ങളും ഐപിഎൽ മതിയാക്കി മടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് അമ്പയർമാരും മടങ്ങുന്നത്.
ഐസിസി എലീറ്റ് പാനലിലുള്ള നിതിൻ മേനോൻ കൃത്യതയാർന്ന തീരുമാനങ്ങൾ കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അദ്ദേഹത്തിൻ്റെ അമ്മയ്ക്കും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു എന്നും അതിനാൽ അദ്ദേഹം സ്വദേശമായ ഇൻഡോറിലേക്ക് മടങ്ങിയെന്നുമാണ് റിപ്പോർട്ട്. ഭാര്യയ്ക്കും അമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചതിനാൽ മത്സരം നിയന്ത്രിക്കാനുള്ള മാനസികാവസ്ഥയിലല്ല താൻ എന്ന് അദ്ദേഹം പറഞ്ഞു എന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇല്ല.
അതേസമയം, ഇന്ത്യയിൽ ദിനംപ്രതി കൊവിഡ് ബാധ വർധിക്കുന്നതിനാൽ നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ വന്നെങ്കിലോ എന്ന ഭയം മൂലമാണ് പോൾ റീഫൽ നാട്ടിലേക്ക് മടങ്ങിയത്. ഇതിനും ഔദ്യോഗിക സ്ഥിരീകരണം ഇല്ല.
ഈ അമ്പയർമാർ മടങ്ങിയെങ്കിലും പ്രാദേശിക അമ്പയർമാർ ബാക്കപ്പായി ഉണ്ടെന്നും ആവശ്യമുണ്ടെങ്കിൽ അവരെ ഉപയോഗിക്കുമെന്നും ബിസിസിഐ അറിയിച്ചു.
ആർസിബി താരങ്ങളായ ആദം സാംബ, കെയിൻ റിച്ചാർഡ്സൺ എന്നിവർക്കൊപ്പം ഡൽഹി ക്യാപിറ്റൽസിലെ ഇന്ത്യൻ താരം ആർ അശ്വിൻ, രാജസ്ഥാൻ റോയൽസ് താരങ്ങളായ ആന്ദ്രൂ തൈ, ലിയാം ലിവിങ്സ്റ്റൺ തുടങ്ങിയ താരങ്ങളും ഐപിഎൽ മതിയാക്കി നാട്ടിലേക്ക് മടങ്ങിയിരുന്നു.
Story highlights: umpires Nitin Menon, Paul Reiffel pull out of IPL
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here