Advertisement

കൊടകര കുഴല്‍പ്പണ കേസ്; റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്

April 30, 2021
Google News 0 minutes Read
Kodakara black money found

കൊടകര കുഴല്‍പ്പണ കവര്‍ച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്. ഒരു പ്രതിയുടെ വീട്ടില്‍ നിന്ന് തന്നെ പരാതിയില്‍ പറയുന്നതിനേക്കാള്‍ തുക കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

റിമാന്‍ഡില്‍ കഴിയുന്ന എട്ട് പ്രതികളെയും തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങിയ ശേഷം വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം നീക്കം നടത്തുന്നത്. കേസിലെ ഒന്‍പതാം പ്രതിയായ ബാബുവിന്റെ വീട്ടില്‍ നിന്ന് മാത്രം കണ്ടെത്തിയത് 23 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും ആറ് ലക്ഷം രൂപയുടെ വായ്പാ തിരിച്ചടവ് രസീതുമായിരുന്നു.

പരാതിക്കാരനായ ഷംജീറിന്റെ മൊഴി നഷ്ടപ്പെട്ടത് 25 ലക്ഷം രൂപയാണ് എന്നായിരുന്നു. എന്നാല്‍ അതിനേക്കാളധികം തുക ഒരു പ്രതിയുടെ വീട്ടില്‍ നിന്ന് മാത്രം കണ്ടെടുത്ത സാഹചര്യത്തില്‍ കാറില്‍ കൂടുതല്‍ പണമുണ്ടായിരുന്നുവെന്ന് വ്യക്തമായി. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നത്.

ഷംജീറിന് പണം കൊടുത്തുവിട്ടത് കോഴിക്കോട്ടെ വ്യവസായിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ ധര്‍മ്മരാജനാണെന്ന് വ്യക്തമായിട്ടുണ്ട്. യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷര്‍ സുനില്‍ നായിക്കാണ് ധര്‍മ്മരാജന് പണം കൈമാറിയതെന്ന് അന്വേഷണസംഘത്തിന് മൊഴി ലഭിച്ചു. ഈ സാഹചര്യത്തില്‍ ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാനാണ് നീക്കം.

ഭൂമി ഇടപാടിനായാണ് പണം നല്‍കിയതെന്ന ഇരുവരുടെയും മൊഴി അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. ഉന്നത ബിജെപി നേതൃത്വവുമായി ഇരുവര്‍ക്കും ബന്ധമുണ്ടെന്ന് വ്യക്തമായതോടെ കുഴല്‍പ്പണക്കടത്തും കവര്‍ച്ചയും സംബന്ധിച്ചുള്ള അന്വേഷണം വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കളിലേക്കെത്തുമെന്നാണ് സൂചന.

കേസിലെ പ്രധാന പ്രതികളായ മുഹമ്മദാലി, സുജീഷ്, രഞ്ജിത്ത്, അബ്ദുള്‍ റഷീദ് എന്നിവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാണ്. ഇവരെ പിടികൂടിയാല്‍ രാഷ്ട്രീയ ബന്ധമടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here