മുതിര്‍ന്ന അഭിഭാഷകന്‍ സോളി സൊറാബ്ജി അന്തരിച്ചു

soli sorabjee

മുതിര്‍ന്ന അഭിഭാഷകന്‍ സോളി സൊറാബ്ജി അന്തരിച്ചു. 91 വയസായിരുന്നു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യയും കൊവിഡ് ബാധിതയാണ്.

1989-90, 1998 -2004 കാലത്ത് അറ്റോര്‍ണി ജനറലായി സേവനം അനുഷ്ഠിച്ചു. 2002- ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു. 1998 മുതൽ 2004 വരെ യു. എൻ. മനുഷ്യാവകാശ ഉപസമിതി അധ്യക്ഷനായിരുന്നു.

മനുഷ്യാവകാശ സംരക്ഷണത്തിനും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനുമായി ജീവിതം മാറ്റിവച്ച പോരാളി, കേശവാനന്ദ ഭാരതി കേസ് അടക്കം ചരിത്രത്തിൽ ഇടംപിടിച്ച ഒരു പിടി സുപ്രധാന കേസുകളിൽ ഹാജരായ നിയമപണ്ഡിതൻ, എന്നിങ്ങനെ വിശേഷണങ്ങള്‍ നിരവധിയാണ് ഇദ്ദേഹത്തിന്. ഭരണഘടനാ വിദഗ്ധന്മാരായ നാനി പൽക്കിവാല, ഫാലി എസ്. നരിമാൻ എന്നിവർക്കൊപ്പം കേശവാനന്ദ ഭാരതി കേസിൽ സോളി സൊറാബ്ജി നടത്തിയ നിയമപോരാട്ടം രാജ്യത്തിന്റെ നിയമരംഗത്തെ സുപ്രധാന ഏടാണ്.

രാഷ്‌ട്രപതി ഭരണം ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമാണെന്ന എസ്.ആർ. ബൊമ്മെ കേസിലെ ചരിത്രവിധിയിലും സോളി സൊറാബ്ജിയുടെ സാന്നിധ്യമുണ്ട്. 1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസുകളിൽ ഇരകൾക്ക് നീതി ലഭ്യമാക്കാൻ പോരാടി. പൊലീസ് നവീകരണവുമായി ബന്ധപ്പെട്ട പ്രകാശ് സിംഗ് കേസിലും സംഭാവന നൽകി.

രാജ്യാന്തര തലത്തിലും സോളി സൊറാബ്ജിയുടെ ഇടപെടലുകൾ ശ്രദ്ധ നേടി. ന്യൂനപക്ഷ സംരക്ഷണം ഉറപ്പാക്കാനും, വിവേചനം അവസാനിപ്പിക്കാനുമുള്ള ഐക്യരാഷ്ട്ര സഭയുടെ ഉപസമിതിയിൽ അംഗമായി പ്രവർത്തിച്ചു.

‍ഹേഗിലെ രാജ്യാന്തര ആർബിട്രേഷൻ കോടതിയിലും അംഗമായി. ജാസും ക്ലാർനെറ്റും അടക്കം സംഗീതോപകരണങ്ങൾ ഉപയോഗിക്കുന്നതിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു.

Story highlights: obit, soli sorabjee

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top