Advertisement

ഇളകാത്ത ഇടത് കോട്ടയായി കോഴിക്കോട്

May 2, 2021
Google News 1 minute Read

ഇളകാത്ത ഇടത് കോട്ടയായി കോഴിക്കോട്. രണ്ടു കൊടുത്ത് രണ്ട് വാങ്ങി രണ്ടില്‍ തന്നെ തുടരുന്ന യുഡിഎഫിന് ആശ്വസിക്കാന്‍ വക നല്‍കിയത് കെ.കെ.രമ മാത്രമാണ്. ഭരണത്തുടര്‍ച്ചയെന്ന വിജയ തിളക്കത്തിനിടയിലും രമയ്ക്കു മുന്‍പില്‍ വടകരയില്‍ കീഴടങ്ങേണ്ടി വന്നത് ഇടത് മുന്നണിക്ക് കല്ലുകടിയായി. നൂര്‍ബീനാ റഷീദിലൂടെ വനിതാ പ്രാതിനിധ്യം ഉറപ്പിക്കാമെന്ന ലീഗിന്റെ കണക്കു കൂട്ടലും തെറ്റി. വളര്‍ച്ചയേക്കാളേറെ തളര്‍ച്ചയാണ് ബിജെപിക്കുണ്ടായത്.

2016ലെ അതേ സീറ്റു നില തന്നെ ആവര്‍ത്തിച്ചു, 11-2. കൈയിലുണ്ടായിരുന്ന കുറ്റ്യാടിയും കോഴിക്കോട് സൗത്തും ഇടതിന് നല്‍കി കൊടുവള്ളിയും വടകരയും പിടിക്കുകയാണ് യുഡിഎഫ് ചെയ്തത്. കൊടുവളളിയില്‍ എം.കെ.മുനീര്‍ വിജയിച്ചപ്പോള്‍ സീറ്റിംഗ് സീറ്റായിരുന്ന സൗത്ത് കൈവിട്ടു. അങ്ങനെ ലീഗിന്റെ ചരിത്രത്തില്‍ രണ്ടാമതിറക്കിയ വനിതാ സ്ഥാനാര്‍ത്ഥിയും പരാജയപ്പെട്ടു. ഇടതു മുന്നണിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധം ആളിക്കത്തിയ കുറ്റ്യാടിയില്‍, സഖാക്കള്‍ തന്നെ അഭിമാനം കാത്തു. 333 എന്ന കുറഞ്ഞ ഭൂരിപക്ഷത്തിലാണെങ്കിലും സിപിഐഎമ്മിലെ കുഞ്ഞമ്മദ് കുട്ടി വിജയിച്ചു കയറി. സോഷ്യലിസ്റ്റ് മണ്ണായ വടകരയിലെ ഇടത് കോട്ട തകര്‍ത്ത് രമ നിയമസഭയിലേക്ക് കയറിയത് ഇടതിന് തിരിച്ചടിയായി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതല്‍ തുടങ്ങിയ ആര്‍എംപി-യുഡിഎഫ് കൂട്ടുകെട്ടാണ് വടകരയുടെ ചരിത്രം തിരുത്തി കുറിച്ചത്.

കോണ്‍ഗ്രസുകാരനായ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ ഇറക്കി കുന്നമംഗലത്ത് വിജയിക്കാനുള്ള ലീഗിന്റെ പഴയ തന്ത്രം പാളി. രാഹുല്‍ ഗാന്ധി പ്രചാരണത്തിനെത്തിയ മണ്ഡലങ്ങളിലൊന്നും യുഡിഎഫിന് നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. സീറ്റിനെ ചൊല്ലി അവസാന നിമിഷം വരെ യുഡിഎഫില്‍ തര്‍ക്കം നടന്ന എലത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ.കെ.ശശീന്ദ്രനാണ് ജില്ലയില്‍ ഉയര്‍ന്ന ഭൂരിപക്ഷം ലഭിച്ചത്. ഭൂരിഭാഗം മണ്ഡലങ്ങളിലും ബിജെപിക്ക് കഴിഞ്ഞ തവണത്തെക്കാള്‍ വോട്ട് കുറഞ്ഞത് വന്‍ തിരിച്ചടിയായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here