Advertisement

സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക് ഡൗണ്‍ സമാന നിയന്ത്രണം

May 4, 2021
1 minute Read
lockdown

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിതീവ്രമാകുന്ന സാഹചര്യത്തില്‍ ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണം. അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അനാവശ്യ യാത്രകള്‍ ഒഴിവാക്കാന്‍ പൊലീസ് പരിശോധനയും ശക്തമാക്കും. നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടികള്‍ സ്വീകരിക്കും.

വാരാന്ത്യ നിയന്ത്രണത്തിന് സമാനമായ രീതിലായിരിക്കും ഇന്ന് മുതല്‍ മെയ് 9 വരെ സംസ്ഥാനത്ത് നിയന്ത്രണം കടുപ്പിക്കുന്നത്. അത്യാവശ്യമില്ലാത്ത യാത്രക്കിറങ്ങിയാല്‍ തടയാനും കേസെടുക്കാനും പൊലീസിന് നിര്‍ദേശം നല്‍കി. ബസ് സ്റ്റാന്‍ഡ്, റെയില്‍വെ സ്റ്റേഷന്‍, വിമാനത്താവളം, ആശുപത്രി, വാക്‌സിനേഷന്‍ കേന്ദ്രം എന്നിവിടങ്ങളിലേക്ക് പോകാന്‍ തടസമുണ്ടാകില്ല. അവശ്യസേവന വിഭാഗങ്ങള്‍, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വകുപ്പുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്ക് തിരിച്ചറിയല്‍ രേഖ കാണിച്ച് യാത്ര ചെയ്യാം.

മരുന്ന്, പഴം, പച്ചക്കറി, പാല്‍, മത്സ്യ-മാംസം എന്നിവ വില്‍ക്കുന്ന കടകള്‍ പ്രവര്‍ത്തിക്കും. പക്ഷേ തൊട്ടടുത്തുള്ള കടകളില്‍ പോകാന്‍ മാത്രമേ അനുമതിയുള്ളു. വര്‍ക്ക് ഷോപ്പ്, വാഹന സര്‍വീസ് സെന്റര്‍, സ്‌പെയര്‍ പാര്‍ട്‌സ് വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്ക് രാത്രി ഒന്‍പത് വരെ പ്രവര്‍ത്തിക്കാം. ഇവിടെയെല്ലാം ജീവനക്കാര്‍ ഇരട്ട മാസ്‌ക്കും കയ്യുറകളും ധരിക്കണം. റേഷന്‍ കടകളും സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ഔട്ട് ലൈറ്റുകളും തുറക്കും.

ഹോട്ടലുകള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാന്‍ കഴിയുമെങ്കിലും ഭക്ഷണം വിളമ്പാന്‍ അനുവദിക്കില്ല. രാത്രി ഒന്‍പത് വരെ പാര്‍സലും ഹോം ഡെലിവെറിയും അനുവദിക്കും. കള്ളുഷാപ്പുകള്‍ക്ക് മാത്രം തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.

ബാങ്കുകള്‍ രാവിലെ 10 മുതല്‍ 1 മണി വരെ പൊതുജനങ്ങളുടെ സര്‍വീസുകള്‍ക്കായി പ്രവര്‍ത്തിക്കും. വിവാഹത്തിന് പരമാവധി 50 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്കും പങ്കെടുക്കാം.

ആരാധനാലയങ്ങളില്‍ രണ്ട് മീറ്റര്‍ അകലം പാലിക്കാന്‍ സ്ഥലസൗകര്യമുള്ള ഇടമാണെങ്കില്‍ മാത്രം 50 പേര്‍ക്ക് പ്രവേശനം അനുവദിക്കും. എല്ലാതരത്തിലുമുള്ള സിനിമ- സീരിയല്‍ ചിത്രീകരണങ്ങളും നിര്‍ത്തി വയ്ക്കണം. ഐടി മേഖലയില്‍ അത്യാവശ്യം വേണ്ട ജീവനക്കാര്‍ മാത്രം ഓഫീസിലെത്തണമെന്നും പരമാവധി ആളുകള്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തണമെന്നുമാണ് നിര്‍ദേശം. നിയന്ത്രണം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ രാവിലെ മുതല്‍ തന്നെ നിരത്തുകളില്‍ പൊലീസ് പരിശോധന ആരംഭിക്കും.

Story Highlights- lock down, covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top