കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു; ബെംഗളൂരു എഫ്സിയോട് ‘കടക്ക് പുറത്തെ’ന്ന് മാൽദീവ്സ്

എഎഫ്സി കപ്പ് മത്സരങ്ങൾക്കായി മാൽദീവ്സിലെത്തിയ ഐഎസ്എൽ ക്ലബ് ബെംഗളൂരു എഫ്സിയോട് രാജ്യം വിടാൻ മാൽദീവ്സ്. ടീമിലെ മൂന്ന് അംഗങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് രാജ്യം വിടാൻ മാൽദീവ്സ് നിർദ്ദേശം നൽകിയിരിക്കുന്നത്. മൂന്ന് വിദേശ താരങ്ങളാണ് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതെന്നും അവർക്കെതിരെ കടുത്ത നടപടി എടുക്കുമെന്നും ക്ലബ് ഉടമ പാർത്ഥ് ജിൻഡാൽ പറഞ്ഞു. മാൽദീവ്സ് ക്ലബ് ഈഗിൾസിനെതിരായ എഎഫ്സി കപ്പ് പ്ലേഓഫ് പ്ലേ ഓഫിനു വേണ്ടി വെള്ളിയാഴ്ചയാണ് ബെംഗളൂരു എഫ്സി ദ്വീപരാഷ്ട്രത്തിലെത്തിയത്. ചൊവ്വാഴ്ചയാണ് മത്സരം തീരുമാനിച്ചിരുന്നത്.
മാൽദീവ്സ് കായികമന്ത്രി അഹ്മദ് മഹ്‌ലൂഫാണ് ബെംഗളൂരു താരങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു എന്ന് വെളിപ്പെടുത്തിയത്. “കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതുവഴി അംഗീകരിക്കാനാവാത്ത പെരുമാറ്റമാണ് ബെംഗളൂരു എഫ്സിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്. ക്ലബ് ഉടൻ മാൽദീവ്സ് വിടണം. ഇത്തരം പെരുമാറ്റങ്ങളെ ഞങ്ങൾ പ്രോത്സാഹിപ്പിക്കില്ല. ഈ മത്സരം നടത്താനാവില്ലെന്ന് ഞങ്ങൾ അധികൃതരെ അറിയിച്ചിട്ടുണ്ട്. ബെംഗളൂരു എഫ്സിയുടെ തിരിച്ചുപോക്കിനുള്ള നടപടികളെടുക്കണമെന്നും ഞങ്ങൾ ആവശ്യപ്പെട്ടു.”- മഹ്‌ലൂഫ് ട്വീറ്റിലൂടെ പറഞ്ഞു.
ഇതിനു പിന്നാലെ പാർത്ഥ് ജിൻഡാൽ മാപ്പപേക്ഷിച്ച് ട്വീറ്റ് ചെയ്തു. “ഞങ്ങളുടെ മൂന്ന് വിദേശ താരങ്ങളുടെ നീതീകരിക്കാനാവാത്ത പെരുമാറ്റത്തിൽ ബെംഗളൂരു എഫ്സിക്ക് വേണ്ടി ഞാൻ മാപ്പ് അപേക്ഷിക്കുന്നു. അവർക്കെതിരെ കടുത്ത നടപടിയെടുക്കും. ഇത് ഇനി ഒരിക്കലും ആവർത്തിക്കാതിരിക്കാൻ ശ്രമിക്കും.”- ജിൻഡാൽ ട്വീറ്റ് ചെയ്തു.
Story Highlights: Bengaluru FC asked to leave Maldives over Covid protocol breach
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here