പഴക്കച്ചവടക്കാരൻ ഡോക്ടറായി വേഷം കെട്ടി കൊവിഡ് രോഗികളെ ചികിത്സിച്ചു: അറസ്റ്റ്

ഡോക്ടറായി വേഷം കെട്ടി കൊവിഡ് രോഗികളെ ചികിത്സിച്ച പഴക്കച്ചവടക്കാരൻ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. പഴങ്ങളും ഐസ്ക്രീമും വിൽക്കുന്ന ചന്ദൻ നരേഷ് ചൗധരി എന്നയാളാണ് അറസ്റ്റിലായത്. ഇയാൾ പിന്നീട് ഇലക്ട്രീഷ്യനായും ജോലി ചെയ്തിരുന്നു. ഇയാൾ കഴിഞ്ഞ അഞ്ച് വർഷമായി ഓം നാരായണ മൾട്ടിപർപ്പസ് സൊസൈറ്റി എന്ന പേരിൽ ഒരു സൗജന്യ ഡിസ്പെൻസറിയും നടത്തുന്നുണ്ട്.
ഈ ഡിസ്പെൻസറിയിലാണ് ഇയാൾ ഡോക്ടറെന്ന വ്യാജേന കൊവിഡ് രോഗികളെ ചികിത്സിച്ചത്. നാട്ടുകാരിൽ ഒരാൾ വിവരം പൊലീസിനെ അറിയിച്ചതോടെയാണ് ഇയാൾ അറസ്റ്റിലായത്. ഓക്സിജൻ സിലിണ്ടറുകളും സിറിഞ്ചുകളും മറ്റ് വൈദ്യോപകരണങ്ങളും ഇയാളുടെ ആശുപത്രിയിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു.
രാജ്യത്ത് ഇന്നും പ്രതിദിന കൊവിഡ് കേസുകൾ നാല് ലക്ഷത്തിന് മുകളിൽ. 24 മണിക്കൂറിനിടെ 4,03,738 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. 4,092 പേർ മരിച്ചു. 37,36,648 പേരാണ് രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത്. 24 സംസ്ഥാനങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലാണ്.
കർണാടക, തമിഴ്നാട്, കേരളം, അസം എന്നീ സംസ്ഥാനങ്ങൾ പൂർണമായും അടച്ചിട്ടിരിക്കുകയാണ്. കൊവിഡ് ഗുരുതരമായ ഡൽഹിയിൽ ഓക്സിജൻ ക്ഷാമം പരിഹരിച്ച് തുടങ്ങിയതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അറിയിച്ചു. ഡൽഹിയിൽ ലോക്ക്ഡൗൺ രണ്ടാഴ്ച കൂടി നീട്ടണമെന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനം ഉണ്ടാകും.
Story Highlights: Fruit vendor poses as doctor, treats Covid patients arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here