Advertisement

‘കുടുംബത്തിലെ എല്ലാ കാര്യങ്ങളിലും സ്ത്രീയ്ക്കും പുരുഷനും തുല്യപങ്കാണ് ഉണ്ടാകേണ്ടത്’; മുഖ്യമന്ത്രിയുടെ മാതൃദിനസന്ദേശം

May 9, 2021
Google News 0 minutes Read

മറ്റുള്ളവർക്ക് വേണ്ടി ത്യാഗം ചെയ്യേണ്ടവൾ എന്ന യാഥാസ്ഥിതിക സങ്കൽപത്തിൻ്റെ മഹത്വവൽക്കരണം സ്ത്രീയുടെ സാശ്വയത്വത്തേയും സ്വാതന്ത്ര്യത്തേയും കൂച്ചുവിലങ്ങിടാനുള്ള ഉപാധിയായി മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

നമ്മെ നയിക്കുന്ന നീതിശൂന്യമായ ബോധത്തെ തിരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സ്വന്തം കാഴ്ചപ്പാടുകളേയും ശീലങ്ങളേയും തിരുത്തുക എന്നത് അത്യധികം ശ്രമകരമായ കാര്യമാണ്. മറ്റൊരാളുടെ നന്മയ്ക്കു വേണ്ടി സ്വയം ത്യജിക്കാൻ സന്നദ്ധരായ അമ്മമാരായി എല്ലാവർക്കും മാറാം.കൊവിഡ് മഹാമാരി തീർത്ത പ്രതിസന്ധിയെ മറികടന്ന് നവകേരളത്തിലേയ്ക്ക് മുന്നേറാൻ ആ ത്യാഗസന്നദ്ധത നമുക്ക് ഊർജ്ജമാകട്ടെ.

കുടുംബത്തിലെ എല്ലാ കാര്യങ്ങളിലും സ്ത്രീയ്ക്കും പുരുഷനും തുല്യപങ്കാണ് ഉണ്ടാകേണ്ടത്. ഒരാളുടെ ത്യാഗം മറ്റൊരാളുടെ സ്വാതന്ത്ര്യമായി മാറരുതെന്ന് മുഖ്യമന്ത്രി മാതൃദിന സന്ദേശത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

മറ്റുള്ളവർക്കു വേണ്ടി ത്യാഗം ചെയ്യേണ്ടവൾ എന്നതാണ് അമ്മയെക്കുറിച്ച് സമൂഹം പേറുന്ന പൊതുസങ്കൽപം. ജന്മിത്വ സംസ്കാരത്തിൻ്റെ ശേഷിപ്പുകൾ നിലനിൽക്കുന്ന പുരുഷാധികാര സമൂഹമാണ് നമ്മുടേത്. ലിംഗപരമായ അസമത്വത്തെ ചൂഷണം ചെയ്തു ലാഭം കൊയ്യുന്ന മുതലാളിത്തമാണ് ഇവിടുള്ളത്. ഇവ തീർക്കുന്ന യാഥാസ്ഥിതികമായ മൂല്യബോധങ്ങളിൽ നിന്നാണ് മേൽപറഞ്ഞ മാതൃ സങ്കൽപം ഉരുത്തിരിയുന്നത്.
ഈ യാഥാസ്ഥിതിക സങ്കൽപത്തിൻ്റെ മഹത്വവൽക്കരണം സ്ത്രീയുടെ സാശ്വയത്വത്തേയും സ്വാതന്ത്ര്യത്തേയും കൂച്ചുവിലങ്ങിടാനുള്ള ഉപാധിയായി മാറുകയാണ്. കുടുംബത്തിലെ എല്ലാ കാര്യങ്ങളിലും, അത് അടുക്കള പണിയായാലും, മക്കളെ പരിപാലിക്കുന്നതായാലും, സാമ്പത്തിക കാര്യങ്ങളായാലും, സ്ത്രീയ്ക്കും പുരുഷനും തുല്യ പങ്കാണ് ഉണ്ടാകേണ്ടത്. ഒരാളുടെ ത്യാഗം മറ്റൊരാളുടെ സ്വാതന്ത്ര്യമായി മാറരുത്.
നമ്മെ നയിക്കുന്ന നീതിശൂന്യമായ ബോധത്തെ തിരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സ്വന്തം കാഴ്ചപ്പാടുകളേയും ശീലങ്ങളേയും തിരുത്തുക എന്നത് അത്യധികം ശ്രമകരമായ കാര്യമാണ്. ഇടതുപക്ഷം മുന്നോട്ടു വയ്ക്കുന്ന സ്ത്രീ പുരുഷ സമത്വത്തിൻ്റെ ഉദാത്ത കാഴ്ചപ്പാടുകൾ സ്വജീവിതങ്ങളിൽ കൂടുതൽ ഫലപ്രദമായി നടപ്പിലാക്കുന്ന രാഷ്ട്രീയപ്രവർത്തനം പ്രധാന ഉത്തരവാദിത്വമായി നമുക്ക് ഏറ്റെടുക്കാം.
ഈ മാതൃദിനത്തിൽ, വീടിൻ്റെ മതിൽക്കെട്ടിനു പുറത്തുള്ള വിശാലമായ ലോകത്തേയ്ക്ക് ഇരുകൈകളും നീട്ടി അമ്മമാരെ നമുക്ക് സ്വാഗതം ചെയ്യാം. മറ്റൊരാളുടെ നന്മയ്ക്കു വേണ്ടി സ്വയം ത്യജിക്കാൻ സന്നദ്ധരായ അമ്മമാരായി എല്ലാവർക്കും മാറാം. കൊവിഡ് മഹാമാരി തീർത്ത പ്രതിസന്ധിയെ മറികടന്ന് നവകേരളത്തിലേയ്ക്ക് മുന്നേറാൻ ആ ത്യാഗസന്നദ്ധത നമുക്ക് ഊർജ്ജമാകട്ടെ. എല്ലാവർക്കും ഹൃദയപൂർവ്വം മാതൃദിന ആശംസകൾ നേരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here