ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനം; അയക്കുക ‘ബി’ ടീമിനെയെന്ന് ബിസിസിഐ

ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിന് അയക്കുക ബി ടീമിനെയെന്ന് ബിസിസിഐ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനു സമാന്തരമായി ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിനെ അയക്കുമെന്ന് അധ്യക്ഷൻ സൗരവ് ഗാംഗുലിയാണ് വ്യക്തമാക്കിയത്. മുൻനിര താരങ്ങളെല്ലാം ഇംഗ്ലണ്ടിലായിരിക്കുമ്പോൾ ശ്രീലങ്കയിലേക്ക് മറ്റൊരു സംഘത്തെ അയക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതോടെ മലയാളി താരം സഞ്ജു സാംസൺ അടക്കമുള്ള യുവതാരങ്ങൾക്ക് അവസരം ലഭിച്ചേക്കും.
മൂന്ന് ഏകദിനങ്ങളും അഞ്ച് ടി-20കളുമാണ് ശ്രീലങ്കയിൽ ഇന്ത്യ കളിക്കുക. ജൂലായ് മാസത്തിൽ ഇന്ത്യ മറ്റ് ഏകദിന മത്സരങ്ങളൊന്നും കളിക്കുന്നില്ല. അതുകൊണ്ട് തന്നെ, ഏകദിന ടി-20 സ്പെഷ്യലിസ്റ്റ് താരങ്ങളെയാവും ശ്രീലങ്കയിലേക്ക് അയക്കുക.
വിരാട് കോലി, രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ, ഋഷഭ് പന്ത് എന്നീ താരങ്ങളൊന്നും പരമ്പരയിൽ കളിക്കില്ല. കോലിയുടെ അഭാവത്തിൽ ആര് ക്യാപ്റ്റനാവും എന്നതാണ് ആകാംക്ഷയുണർത്തുന്നത്. പരുക്കിൽ നിന്ന് മുക്തനാവുമെങ്കിൽ ശ്രേയാസ് അയ്യർ ഇന്ത്യയെ നയിച്ചേക്കും. ശിഖർ ധവാൻ, ഹർദ്ദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, യുസ്‌വേന്ദ്ര ചഹാൽ തുടങ്ങിയ മുതിർന്ന താരങ്ങൾക്കും സാധ്യതയുണ്ട്.
ഇവരെ കൂടാതെ സൂര്യകുമാർ യാദവ്, ദീപക് ചഹാർ, രാഹുൽ ചഹാർ, മായങ്ക് അഗർവാൾ, പാണ്ഡ്യ സഹോദരന്മാർ, ടി നടരാജൻ, പൃഥ്വി ഷാ, വരുൺ ചക്രവർത്തി, രാഹുൽ തെവാട്ടിയ, ഖലീൽ അഹ്മദ്, പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കൽ തുടങ്ങിയ താരങ്ങളും ടീമിൽ ഇടം നേടിയേക്കും. പന്തിൻ്റെ ബാക്കപ്പ് ഓപ്ഷനായി പരിഗണിക്കുന്ന സഞ്ജു ടീമിൽ ഏറെക്കുറെ ഉറപ്പാണ്. ഇഷൻ കിഷൻ മറ്റൊരു വിക്കറ്റ് കീപ്പറായി ഉണ്ടെങ്കിലും സമീപകാല ഫോമും സീനിയോരിറ്റിയും പരിഗണിച്ച് സഞ്ജുവിന് അവസരം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.
Story Highlights: India B team tour off Sri Lanka in July: Sourav Ganguly
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here