മന്ത്രിസഭാ രൂപീകരണം; ഇടത് മുന്നണിയിൽ ഉഭയകക്ഷി ചർച്ചകൾക്ക് തുടക്കം

മന്ത്രിസഭാ രൂപീകരണത്തിനുള്ള ഉഭയകക്ഷി ചർച്ചകൾ ഇടത് മുന്നണിയിൽ ഇന്ന് പുനരാരംഭിക്കും. സിപിഐ നേതൃത്വവുമായി രണ്ടാം ഘട്ട ചർച്ചയും ജെഡിഎസ്, എൻസിപി എന്നിവരുമായി ഒന്നാംഘട്ട ചർച്ചയുമാണ് നടക്കുക.
ആദ്യഘട്ടത്തിൽ സിപിഐഎം-സിപിഐ ചർച്ചയിൽ മന്ത്രിമാരുടെ എണ്ണം 21 ആക്കി തീരുമാനമായിരുന്നു. സിപിഐഎമ്മിന് പന്ത്രണ്ടും സിപിഐക്ക് നാലും മന്ത്രിമാരാണ് ഉണ്ടാവുക. കേരളാ കോൺഗ്രസ് എമ്മിനും എൻസിപിക്കും ജനതാദൾ എസിനും ഓരോ മന്ത്രിമാരെ ലഭിക്കും. ബാക്കി വരുന്ന രണ്ട് മന്ത്രിപദവികൾ ഒരു എംഎൽഎ മാത്രമുള്ള ഘടക കക്ഷികൾക്കാണ്. സിപിഐയുടെ കൈവശമുള്ള ചീഫ് വിപ്പ് പദവി കേരളാ കോൺഗ്രസ് എമ്മിന് നൽകാനും ധാരണയായിട്ടുണ്ട്.
കോൺഗ്രസ് എസിന്റെ രാമചന്ദ്രൻ കടന്നപ്പള്ളിക്ക് കഴിഞ്ഞ തവണ അവസരം നൽകിയതിനാൽ വീണ്ടും പരിഗണിക്കാനിടയില്ല. ഈ ഒഴിവ് ജനാധിപത്യ കേരളാ കോൺഗ്രസിനോ കേരളാ കോൺഗ്രസ് (ബി)ക്കോ ലഭിച്ചേക്കും. കെ.ബി ഗണേഷ് കുമാർ, ആന്റണി രാജു, ഐഎൻഎല്ലിന്റെ അഹമ്മദ് ദേവർ കോവിൽ എന്നിവരും മന്ത്രിസ്ഥാനം കിട്ടുമെന്ന പ്രതീക്ഷയിലാണ്.
മെയ് 17നാണ് എൽഡിഎഫ് യോഗം. 18ന് എല്ലാ ഘടകകക്ഷികളും മന്ത്രിമാരെ തീരുമാനിക്കാൻ സംസ്ഥാന നേതൃയോഗങ്ങൾ വിളിച്ചുചേർത്തിട്ടുണ്ട്. അന്ന് തന്നെ എംഎൽഎമാരുടെ യോഗം പിണറായി വിജയനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കും. മെയ് 20ന് വൈകിട്ട് നാലിന് പുതിയ മന്ത്രിസഭ അധികാരമേൽക്കും.
Story Highlights: kerala government, ldf, pinaray vijayan, cpim cpi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here