‘സഹോദരതുല്യനായ സുഹൃത്ത് ഇപ്പോൾ ഇല്ല’; ഡെന്നിസ് ജോസഫിൻ്റെ വിയോഗത്തിൽ കുറിപ്പുമായി മമ്മൂട്ടി

തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിൻ്റെ വിയോഗത്തിൽ വികാരനിർഭരമായ കുറിപ്പുമായി നടൻ മമ്മൂട്ടി. വളർച്ചയിലും തളർച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ല എന്ന് അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. നേരത്തെ, നടൻ മോഹൻലാലും ഡെന്നിസ് ജോസഫിന് യാത്രയയപ്പ് നൽകിയിരുന്നു.
മമ്മൂട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്:
ഡെന്നീസ് ജോസഫിന്റെ അകാല വിയോഗം എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നു. വളർച്ചയിലും തളർച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ല, എഴുതിയതും സംവിധാനം ചെയ്തതുമായ എല്ലാ സിനിമകളിലൂടെയും അദ്ദേഹം ഓർമിക്കപ്പെടും. നിത്യശാന്തി നേരുന്നു
ഡെന്നീസ് ജോസഫിന്റെ അകാല വിയോഗം എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നു. വളർച്ചയിലും തളർച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദര…
Posted by Mammootty on Monday, 10 May 2021
മോഹൻലാലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
എൻ്റെ പ്രിയപ്പെട്ട ഡെന്നീസിനുവേണ്ടി ഈ വരികൾ കുറിയ്ക്കുമ്പോൾ ഓർമ്മകൾ ക്രമം തെറ്റി വന്ന് കൈകൾ പിടിച്ചു മാറ്റുന്നപോലെയാണ് തോന്നുന്നത്. തിരക്കഥാലോകത്തെ രാജാവായിരുന്നു ഡെന്നീസ്. ആ രാജാവിൻ്റെ മക്കളായി പിറന്ന ഒട്ടേറേ കഥാപാത്രങ്ങൾക്ക് ജീവൻ നൽകാനുള്ള ഭാഗ്യം സിദ്ധിച്ച ഒരാളാണ് ഈ ഞാനും. സൗമ്യമായ പുഞ്ചിരിയിൽ ഒളിപ്പിച്ചുവെച്ച, തിരിച്ചൊന്നും പ്രതീക്ഷിക്കാതിരുന്ന സ്നേഹമായിരുന്നു ഡെന്നീസ്. വെള്ളിത്തിരകളെ ത്രസിപ്പിക്കുന്ന എത്രയെത്ര ചടുലൻ കഥകൾ, വികാര വിക്ഷോഭങ്ങളുടെ തിരകൾ ഇളകിമറിയുന്ന സന്ദർഭങ്ങൾ, രൗദ്രത്തിൻ്റെ തീയും പ്രണയത്തിൻ്റെ മധുരവും വേദനയുടെ കണ്ണീരുപ്പും നിറഞ്ഞ സംഭാഷണങ്ങൾ. ആർദ്രബന്ധങ്ങളുടെ കഥകൾ തൊട്ട് അധോലോകങ്ങളുടെ കുടിപ്പകകൾ വരെ മലയാള സിനിമയ്ക്ക് സമ്മാനിച്ച അതുല്യ പ്രതിഭ. എത്ര പറഞ്ഞാലും തീരില്ല ഡെന്നീസുമായുള്ള ആത്മബന്ധം. അതുകൊണ്ടുതന്നെ പാതിപറഞ്ഞ് നിർത്തുന്നു, ഇടറുന്ന വിരലുകളോടെ…
പ്രണാമം ഡെന്നീസ്.
Story Highlights: mammootty post about dennis joseph
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here