കളത്തിപ്പറമ്പിൽ വീട് ഇനി അനാഥം; രാഷ്ട്രീയ തറവാട്ടിൽ ഓര്‍മയുടെ തിരയിളക്കം മാത്രം

വിപ്ലവത്തിന്റെ ശുക്ര നക്ഷത്രം അസ്തമിച്ചതോടെ ആലപ്പുഴ ചാത്തനാട്ടെ കളത്തിപ്പറമ്പില്‍ വീട് അനാഥമായി. ടി വി തോമസും കെ ആർ ഗൗരിയമ്മയും താമസിച്ച രാഷ്ട്രീയ തറവാട്ടിലെ ആരവം നിലച്ചു.
ആദ്യമന്ത്രിസഭയിലെ രണ്ട് കമ്യൂണിസ്റ്റ് മന്ത്രിമാരുടെ പ്രണയ പരിലാളനകള്‍ ഏറ്റുവാങ്ങിയ വീട്, ജെഎസ്എസ് പിറന്നു വീണ മുറ്റം, അങ്ങനെ സവിശേഷതകൾ ഏറെ.
ടി വി തോമസിന്റെ മരണശേഷവും അദ്ദേഹത്തിന്റെ ഓര്‍മകള്‍ ശേഷിക്കുന്ന ഈ വീട്ടിലായിരുന്നു ഗൗരിയമ്മയുടെ ജീവിതം. പാര്‍ട്ടിയിലും ജീവിതത്തിലും വേര്‍പിരിഞ്ഞിട്ടും വീട്ടിലെ ഭിത്തിയില്‍ ടിവിയുടെ ചില്ലിട്ട ചിത്രങ്ങള്‍ മാറാല പടരാതെ ഗൗരിയമ്മ സൂക്ഷിച്ചു. പിതാവ് വാങ്ങി നല്കിയ വീട് ഗൗരിയമ്മയ്ക്ക് നൽകുകയായിരുന്നു. പട്ടണക്കാട്ടെ തന്റെ കുടുംബ വീടിന്റെ പേരായ കളത്തിപ്പറമ്പില്‍ എന്നത് ചാത്തനാട്ടിലെ വീടിനും നല്‍കണമെന്ന ഗൗരിയമ്മയുടെ അഭിപ്രായത്തിനും ടി.വി. എതിരുനിന്നില്ല.
സിപിഎമ്മുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നു ഗൗരിയമ്മയുടെ നേതൃത്വത്തില്‍ ജെഎസ്എസ് രൂപീകരിച്ചപ്പോള്‍ പാര്‍ട്ടിയുടെ പ്രധാന കേന്ദ്രവും ഈ വീടായിരുന്നു. നേതാക്കളുടെ ഘോഷയാത്ര തന്നെ പലപ്പോഴായി ഈ വീട്ടിലേക്കുണ്ടായിട്ടുണ്ട്. എല്ലാ വര്‍ഷവും മിഥുന മാസത്തിലെ തിരുവോണ നാളില്‍ ഗൗരിയമ്മയുടെ ജന്മദിനം വിപുലമായി ഇവിടെ ആഘോഷിച്ചു. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ആഘോഷം ഒഴിവാക്കി. പിറന്നാള്‍ ദിനത്തില്‍ വീട്ടിലെ ഗേറ്റിനു മുന്നില്‍ തടിച്ചുകൂടുന്ന ജനക്കൂട്ടത്തെ കാണാന്‍ തൂവെള്ള സാരിയുമുടുത്തു പുഞ്ചിരി തൂകി ഗൗരിയമ്മ എത്തുമായിരുന്നു.
Story Highlights: k r gouriyamma, house
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here