കോട്ടയത്ത് തനിച്ച് താമസിക്കുന്ന വീട്ടമ്മയെ ബന്ദിയാക്കി മോഷണം

കോട്ടയം മള്ളൂശേരിയിൽ തനിച്ച് താമസിക്കുന്ന വീട്ടമ്മയെ ബന്ദിയാക്കി മോഷണം. കെട്ടിയിട്ട് ശേഷം മൂന്ന് പവനും രണ്ടായിരം രൂപയും കവർന്നു. സംഭവത്തിൽ സമീപവാസിയായ അരുൺ എന്നയാളെ ഗാന്ധിനഗർ പൊലീസ് തിരയുന്നു.
തിങ്കളാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം നടന്നത്. ചുങ്കം മള്ളൂശേരി ഗുരുമന്ദിരത്തിന് സമീപം ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു 65 വയസുള്ള വീട്ടമ്മ. രാത്രി വീട്ടിൽ എത്തിയ പ്രതി വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. തുടർന്ന് കസേരയിൽ കെട്ടിയിട്ടു. പിന്നാലെ വീട്ടമ്മയുടെ കഴുത്തിൽക്കിടന്ന മൂന്ന് പവൻ വരുന്ന മാല പൊട്ടിച്ച് എടുത്തു. ഇതിന് ശേഷം വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും മോഷ്ടിച്ചു. മോഷണ വിവരം പുറത്ത് പറഞ്ഞാൽ വീട്ടമ്മയെ കോലപ്പെടുത്തും എന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് പ്രതി രക്ഷപെട്ടത്.
മൂന്നു മണിക്കൂറോളം പ്രതി വീട്ടിൽ തങ്ങിയ ശേഷമാണ് രക്ഷപ്പെട്ടത്. രാവിലെ കെട്ട് സ്വയം അഴിച്ചാണ് വീട്ടമ്മ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയത്.മള്ളുശ്ശേരിയിൽ തന്നെ താമസിക്കുന്ന അരുൺ എന്ന വ്യക്തിയാണ് മോഷണം നടത്തിയത് എന്നാണ് വീട്ടമ്മ പറയുന്നത്. ഇയാൾ മുമ്പും ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്തതായി പൊലീസിന് വിവരമുണ്ട്. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണ ആരംഭിച്ചു. പ്രതിയെ പിടികൂടാനുള്ള നടപടികളും തുടങ്ങി.
Story Highlights : Robbery in Kottayam house
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here