ഇസ്രയേലിനെ പാഠം പഠിപ്പിക്കാൻ അന്താരാഷ്ട്രസമൂഹം ഒറ്റക്കെട്ടായിരിക്കണം; എർദോഗാൻ

ഇസ്രയേൽ-പലസ്തീൻ സംഘർഷം രൂക്ഷമായിരിക്കെ, ഇസ്രയേലിനെ ‘പാഠം പഠിപ്പിക്കണ’മെന്ന് തുർക്കി പ്രസിഡന്റ് രജബ് ത്വയ്യിബ് എർദോഗാൻ. ഇതിനായി അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് എർദോഗാൻ പറഞ്ഞു. റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുടിനുമായി നടത്തിയ ഫോൺസംഭാഷണത്തിലാണ് എർദോഗാൻ നിലപാട് വ്യക്തമാക്കിയത്. ഇസ്രയേൽ ഭീകര രാഷ്ട്രമാണെന്നും മുസ്ലിങ്ങളെ തെരഞ്ഞ് പിടിച്ച് ആക്രമിക്കുകയാണെന്നും കഴിഞ്ഞ ദിവസം എർദോഗാൻ പറഞ്ഞിരുന്നു.
പലസ്തീൻ ജനങ്ങളെ സംരക്ഷിക്കാൻ ഐക്യരാഷ്ട്ര രക്ഷാ സമിതി എത്രയും വേഗം ഇടപെടണമെന്നും എർദോഗാൻ പുടിനോട് ആവശ്യപ്പെട്ടതായി തുർക്കി പ്രസിഡൻഷ്യൽ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ അറിയിച്ചു.
പലസ്തീനികളുടെ സംരക്ഷണത്തിനായി ഒരു അന്താരാഷ്ട്ര സംരക്ഷണ സേന എന്ന ആശയം പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രയേൽ-പലസ്തീൻ സംഘർഷം യുദ്ധത്തിലേക്ക് നീങ്ങുകയാണോ എന്ന്
യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടറസ് ആശങ്ക പ്രകടിപ്പിച്ചു.
Read Also : ഇസ്രയേൽ-പാലസ്തീൻ ഏറ്റുമുട്ടൽ; മരണം 74 ആയി
അതേസമയം, ഇസ്രയേലിന് പിന്തുണ അറിയിച്ച് അമേരിക്ക രംഗത്തെത്തി. സംഘർഷങ്ങൾ ഉടൻ അവസാനിക്കുമെന്നും ഇസ്രയേലിനെ അമേരിക്ക പിന്തുണയ്ക്കുന്നതായും ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ജോ ബൈഡൻ വ്യക്തമാക്കി. 2014ന് ശേഷം ഇസ്രയേലും പലസ്തീനും തമ്മിൽ നടക്കുന്ന ഏറ്റലും വലിയ സംഘർഷമാണ് നിലവിലേത്. എർദോഗാനും നെതന്യാഹുവും തമ്മിൽ പലപ്പോഴും പ്രകോപനപരമായ വാക്കേറ്റങ്ങൾ ഉണ്ടാകുമെങ്കിലും ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാരം തുടരുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here