Advertisement

ഇന്ന് രാത്രി വളരെ നിർണായകമെന്ന് മുഖ്യമന്ത്രി; അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

May 14, 2021
Google News 2 minutes Read
today night very crucial says cm pinarayi vijayan

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്രാപിച്ച് തീവ്രന്യൂനമര്‍ദമായി മാറിയ സാഹചര്യത്തിൽ ഇന്ന് രാത്രി കേരളത്തിന് വളരെ നിര്‍ണായകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാലാവസ്ഥ വകുപ്പ് റെഡ് , ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിലും സമീപ ജില്ലകളിലും അതിതീവ്ര മഴയോ അതിശക്തമായ മഴയോ ഉണ്ടാകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ചുഴലിക്കാറ്റിന്‍റെ വികാസവും സഞ്ചാരവും. നാളെ പകലോട് കൂടി തന്നെ ചുഴലിക്കാറ്റ് കേരള തീരത്ത് നിന്ന് വടക്കോട്ട് നീങ്ങാനുള്ള സാധ്യതയും കാണുന്നുണ്ടെന്നും എന്നിരുന്നാലും ജാഗ്രത കൈവിടാതിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അടുത്ത 24 മണിക്കൂറില്‍ ഇതിന്‍റെ ശക്തി വര്‍ധിച്ച് ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. ചുഴലിക്കാറ്റിന്‍റെ പ്രവചിക്കപ്പെട്ടിരിക്കുന്ന സഞ്ചാര പഥത്തില്‍ കേരളമില്ല. ന്യൂനമര്‍ദ കേന്ദ്രത്തിന്‍റെ നിലവിലെ സ്ഥാനം കേരള തീരത്ത് നിന്ന് അധികം അകലെയല്ല. അതുകൊണ്ടുതന്നെ കേരളത്തില്‍ മെയ് 16 വരെ അതിതീവ്ര മഴയും ശക്തമായ കാറ്റും രൂക്ഷമായ കടല്‍ക്ഷോഭവും തുടരുമെന്നാണ് മുന്നറിയിപ്പ്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും അതീവ ജാഗ്രത തുടരണം.

മുഖ്യമന്ത്രിയുടെ വാക്കുകൾ – ‘കാറ്റിന്‍റെ സ്വാധീനം കൂടുതല്‍ ഉണ്ടാകാന്‍ സാധ്യതയുള്ളത് വടക്കന്‍ ജില്ലകളായ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ്. സമീപ ജില്ലകളിലും കാറ്റ് പ്രതീക്ഷിക്കാം. അതുകൊണ്ട് ശക്തമായ കാറ്റുമൂലമുള്ള അപകടങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള മുന്നൊരുക്കങ്ങള്‍ ആവശ്യമാണ്. അപകടാവസ്ഥയിലുള്ള മരങ്ങള്‍, പോസ്റ്റുകള്‍, ബോര്‍ഡുകള്‍, മറ്റ് വസ്തുക്കള്‍ എന്നിവ സുരക്ഷിതമാക്കി മാറ്റണം. ഓരോ കുടുംബവും അവരവരുടെ ഭൂമിയിലെ മരങ്ങള്‍ ശ്രദ്ധിക്കണം. ആവശ്യമെങ്കില്‍ ചില്ലകള്‍ വെട്ടിക്കളയണം. അതുപോലെ ചെറിയ ചാലുകള്‍ തടസപ്പെട്ടിട്ടില്ല എന്നും ഉറപ്പുവരുത്തണം.

അതിതീവ്ര മഴ തുടരുകയാണെങ്കില്‍ നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കം, വെള്ളക്കെട്ട് മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. കടല്‍ക്ഷോഭവും തുടരുമെന്നാണ് കാണുന്നത്. ഇവിടങ്ങളിലൊക്കെയുള്ള അപകടാവസ്ഥയിലുള്ള ജനങ്ങളെ മാറ്റി താമസിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശം അനുസരിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് തദ്ദേശ സ്ഥാപനങ്ങളും റവന്യൂ വകുപ്പും ചേര്‍ന്ന് തയ്യാറാക്കിവെച്ച സുരക്ഷിത ക്യാമ്പുകളിലേക്ക് അധികൃതരുടെ നിര്‍ദേശം ലഭിക്കുന്ന മുറക്ക് മാറി താമസിക്കാന്‍ എല്ലാവരും തയ്യാറാവണം.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുടെ കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. 1077 എന്ന ടോള്‍ഫ്രീ നമ്പറില്‍ ഇഒസിയുമായി ബന്ധപ്പെടാവുന്നതാണ്.

Story Highlights: today night very crucial says cm pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here