കൊവിഡ് വാക്സിൻ പാർശ്വഫലങ്ങളും, പരിഹാരവും; വാക്സിൻ സംബന്ധിച്ച സംശയങ്ങളും ഉത്തരങ്ങളും [24 Explainer]

(വിവരങ്ങൾക്ക് കടപ്പാട് : ഡോ. അരുണ എസ് വേണു, എംപിഎച്ച് സ്കോളർ, ശ്രീ ചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട്)
ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ വാക്‌സിനേഷൻ ഡ്രൈവാണ് ഇന്ത്യയിൽ നടക്കുന്നത്. എന്നാൽ ഇതുവരെ രണ്ട് ശതമാനത്തോളം പേർക്ക് മാത്രമേ രാജ്യത്ത് കൊവിഡ് വാക്‌സിൻ ലഭിച്ചിട്ടുള്ളു. വാക്‌സിൻ ക്ഷാമവും, ഒപ്പം വാക്‌സിൻ സ്വീകരിക്കാനുള്ള പൊതുജനങ്ങളുടെ വിമുഖതയും ഇതിനൊരു കാരണമാണ്.
എന്താണ് വാക്‌സിനേഷനിൽ നിന്ന് ജനങ്ങളെ പിന്നോട്ട് വലിക്കുന്നത് ? വാക്‌സിൻ സ്വീകരിച്ചാലും കൊവിഡ് വരാമെന്ന പ്രചരണമാണോ ? അതോ പാർശ്വഫലങ്ങളെ കുറിച്ചുള്ള ഭയമോ ? എന്തൊക്കെയാണ് കൊവിഡ് വാക്സിന്റെ പാർശ്വഫലങ്ങൾ ? അവ ഗുരുതരമാണോ ? പാർശ്വഫലങ്ങളുണ്ടായാൽ എന്ത് ചെയ്യണം ? വാക്‌സിൻ രജിസ്ട്രേഷൻ മുതൽ വാക്സിൻ സംബന്ധിച്ച് നമ്മെ അലട്ടുന്ന മറ്റ് ചില ചോദ്യങ്ങൾക്ക് കൂടിയുള്ള ഉത്തരങ്ങൾ അറിയാം 24 Explainer ലൂടെ…
കൊവിഡ് വാക്സിന്റെ പാർശ്വഫലങ്ങൾ
വാക്സിന്റെ സുരക്ഷിതത്വവും കാര്യക്ഷമതയും ഉറപ്പാക്കിയിട്ട് മാത്രമേ വാക്സിൻ പൊതുജനങ്ങളിൽ ഉപയോഗിക്കാനുള്ള അനുമതി ലഭിക്കുകയുള്ളു. ഇന്ത്യയിൽ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ ആണ് വാക്സിന് അനുമതി നൽകിയിരിക്കുന്നത്.

പക്ഷേ ചിലരിൽ വാക്സിൻ സ്വീകരിച്ച ശേഷം ചില അസ്വസ്ഥകൾ പ്രകടമാകാറുണ്ട്. ഇവയാണ് പാർശ്വഫലങ്ങൾ എന്ന് പറയപ്പെടുന്നത്. വാക്സിൻ ശരീരത്തിന് പരിചയമില്ലാത്ത പുറത്ത് നിന്നുള്ള ഒരു വസ്തുവായതുകൊണ്ട് തന്നെ ശരീരത്തിൽ പ്രവേശിച്ചയുടൻ നമ്മുടെ ശരീരം വാക്സിനോട് പ്രതികരിക്കുന്നതാണ് ഈ അസ്വസ്ഥതകൾക്ക് കാരണം. ചിലരിൽ ഇത്തരം അസ്വസ്ഥതകളുണ്ടാകും, ചിലരിൽ ഉണ്ടാകാറില്ല. ഇത് തികച്ചും സ്വാഭാവികമാണെന്ന് ഓർക്കുക. എന്തൊക്കെയാണ് വാക്സിൻ സ്വീകരിച്ച ശേഷം അനുഭവപ്പെട്ടേക്കാവുന്ന ചില കാര്യങ്ങൾ എന്ന് നോക്കാം.
ക്ഷീണം
കുളിര്
തലവേദന
ഓക്കാനം
സന്ധി വേദന
കുത്തിവയ്പ്പെടുത്ത സ്ഥലം മുഴയ്ക്കാം
ഛർദി
ജലദോഷം
ചുമ
തലകറക്കം
വിശപ്പില്ലായ്മ
വയറുവേദന
അമതി വിയർപ്പ്
കുത്തിവയ്പ്പെടുത്ത സ്ഥലത്ത് തടിപ്പ്
കക്ഷത്തിൽ കഴല വീക്കം
വളരെയധികം അപൂർവമായി അനാഫൈലക്സിസും ഉണ്ടായേക്കാം.
അനാഫൈലാക്സിസ് വരികയെന്നത് തികച്ചും അപൂർവമാണ്. തീവ്രമായ അലർജിക്ക് റിയാക്ഷനാണ് ഇത്. ദേഹം മുഴുവൻ ചൊറിച്ചിൽ, അമിത ക്ഷീണം, ദേഹം മുഴുവൻ തടിക്കുക, ശ്വാസ തടസം എന്നിവയാണ് അനാഫൈലാക്സിസിന്റെ ലക്ഷണങ്ങൾ. അനാഫൈലാക്സിസ് സംഭവിക്കുന്നുണ്ടോ എന്ന് അറിയാനാണ് വാക്സിൻ സ്വീകരിച്ച ശേഷം ആശുപത്രിയിൽ തന്നെ അരമണിക്കൂർ വിശ്രമിക്കാൻ പറയുന്നത്. ഇന്ത്യയിൽ ഇതുവരെ ഇത്തരമൊരു കേസ് റിപ്പോർട്ട് ചെയ്തിട്ടില്ല. വിദേശത്തും വിരലിലെണ്ണാവുന്ന കേസ് മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളു.
ഇത്തരം പാർശ്വഫലങ്ങളുണ്ടെങ്കിൽ എന്ത് ചെയ്യണം ?
പനി പോലുള്ള ശാരീരികാസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടാൽ മുതിർന്നവർ ആറ് മണിക്കൂർ ഇടവേളയിൽ 500MG പാരസിറ്റമോൾ കഴിക്കാം. ഒന്ന് മുതൽ മൂന്ന് ദിവസം വരെ മാത്രമേ വാക്സിന്റെ പാർശ്വഫലങ്ങൾ നിൽക്കുകയുള്ളു. ഈ കാലാവധി കഴിഞ്ഞും ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടാൽ 1077 എന്ന ദിശാ നമ്പറിലോ, തൊട്ടടുടത്തുള്ള ആരോഗ്യ വിദഗ്ധനെയോ ആശുപത്രിയെയോ ബന്ധപ്പെടണം.
ആരെല്ലാം വാക്സിൻ സ്വീകരിക്കുന്നതിൽ നിന്ന് അകന്ന് നിൽക്കണം ?
വാക്സിൻ സ്വീകരിക്കും മുൻപ് നാം വാക്സിനെടുക്കുന്ന വിദഗ്ധനോട് പറയേണ്ട ചില കാര്യങ്ങളുണ്ട്. ഒന്നുകിൽ അവർ നിങ്ങളോട് ചോദിക്കും, അല്ലെങ്കിൽ നിങ്ങൾ അവരോട് പറയണം.
ഫുഡ് അലർജി- അതായത് ഭക്ഷ്യ വസ്തുക്കളോട് അലർജിയുള്ളവർ
ഏതെങ്കിലും മരുന്നിനോട് അലർജിയുള്ളവർ
പനിയുള്ളവർ
കൊവിഡ് ലക്ഷണങ്ങളുള്ളവർ
ഹീമോഫിലയ, ബ്ലീഡിംഗ് ഡിസോർഡർ തുടങ്ങി ഏതെങ്കിലും അസുഖത്തിന് സ്ഥിരമായി മരുന്ന് കഴിക്കുന്നവർ എന്നിവരും ഇക്കാര്യം കുത്തിവയ്പ്പ് സ്വീകരിക്കുന്നതിന് മുൻപ് അറിയിച്ചിരിക്കണം.
മറ്റ് ചില സംശയങ്ങൾ പതിവായി കേട്ട് വരുന്നുണ്ട്. ഹൃദ്രോഗമുള്ളവർ, നാഡി സംബന്ധ രോഗമുള്ളവർ വാക്സിൻ എടുക്കാമോ എന്ന്. എന്നാൽ മൂന്ന് മാസത്തിലേറെ നാൾ നീണ്ട് നിൽക്കുന്ന ക്രോണിക് ഡിസീസസുള്ളവർ സ്ഥിരമായി കഴിക്കുന്ന മരുന്നിന്റെ വിവരങ്ങളും മറ്റും വാക്സിൻ എടുക്കുന്ന ആരോഗ്യ വിദഗ്ധനെ അറിയിക്കണം.
പനി, മറ്റ് കൊവിഡ് ലക്ഷണങ്ങൾ എന്നിവയുള്ളവർ കൊവിഡ് ടെസ്റ്റ് നെഗറ്റീവായി, രോഗ ലക്ഷണങ്ങളെല്ലാം ശമിച്ച് രണ്ടാഴ്ച കഴിഞ്ഞ ശേഷംം മാത്രമേ വാക്സിൻ കുത്തിവയ്പ്പെടുക്കാൻ പാടുള്ളു.
വാക്സിൻ സ്വീകരിച്ചാലും കൊവിഡ് ബാധിക്കുമോ ?
വാക്സിൻ സ്വീകരിച്ചാൽ ഒരിക്കലും കൊവിഡ് വരില്ലെന്ന് ആരും അവകാശപ്പെടുന്നില്ല. വാക്സിൻ സ്വീകരിച്ചാൽ കൊവിഡ് രോഗത്തിന്റെ കാഠിന്യം കുറയ്ക്കാൻ സാധിക്കുകയും, ഗുരുതര ആരോഗ്യ പ്രശ്നങ്ങളോ, മരണമോ സംഭവിക്കാതിരിക്കുകയും ചെയ്യുമെന്നതാണ് വാക്സിന്റെ ഉപയോഗം.
മാത്രമല്ല വാക്സിൻ സ്വീകരിച്ച ശേഷം കൊവിഡ് റിപ്പോർട്ട് ചെയ്തത് വെറും 0.04 ശതമാനം പേരിലാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കിൽ പറയുന്നു.
ഭാരത് ബയോട്ടെക്കിന്റെ ആദ്യ ഡോസ് കൊവിഡ് വാക്‌സിൻ (കൊവാക്‌സിൻ) ലഭിച്ച 0.04 ശതമാനം പേർക്ക് മാത്രമേ കൊവിഡ് ബാധിച്ചിട്ടുള്ളു. അതായത് ആദ്യ ഡോസ് വാക്‌സിനെടുത്ത 93,56,436 പേരിൽ കൊവിഡ് ബാധിച്ചത് 4,208 പേർക്ക് മാത്രമാണ്. രണ്ടാം ഡോസ് സ്വീകരിച്ച 17,37,178 പേരിൽ 695 പേർക്ക് മാത്രമാണ് കൊവിഡ് ബാധിച്ചത്.

സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡ് വാക്‌സിനെടുത്ത 0.02 ശതമാനം പേർക്ക് മാത്രമേ കൊവിഡ് ബാധിച്ചിട്ടുള്ളു. ആദ്യ ഡോസ് കൊവിഷീൽഡ് വാക്‌സിനെടുത്ത 10,03,02,745 പേരിൽ 17,145 പേർക്ക് മാത്രമേ കൊവിഡ് ബാധിച്ചുള്ളു. രണ്ടാം ഡോസ് വാക്‌സിനെടുത്ത 1,57,32,754 പേരിൽ 5,014 പേരിൽ മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
വാക്സിൻ എടുക്കുന്നത് മരണനിരക്ക് കുറയ്ക്കാൻ വളരെയധികം സഹായിക്കും. ഒപ്പം സ്വന്തം ജീവനും, നാം കാരണം മറ്റൊരു വ്യക്തിക്ക് രോഗം വരാനുള്ള സാധ്യതയും കുറയ്ക്കുന്നു. വാക്സിനേഷനിലൂടെ നമുക്ക് കൊവിഡ് കണ്ണി പൊട്ടിക്കാം. വാക്സിനേഷന്റെ ഭാഗമാകാം.
വാക്സിൻ രജിസ്ട്രേഷൻ എങ്ങനെ ?

selfregistration.cowin.gov.in എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വെബ്‌സൈറ്റിൽ പ്രവേശിക്കുക.
-തുടർന്ന് മൊബൈൽ നമ്പർ നൽകി ‘ഗെറ്റ് ഒടിപി’ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക
-നിങ്ങൾ നൽകിയ മൊബൈൽ നമ്പറിൽ ലഭിച്ച ഒടിപി നമ്പർ രേഖപ്പെടുത്തി ‘വേരിഫൈ’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യാം.
-തുടർന്ന് നിങ്ങളഉടെ ഏതെങ്കിലുമൊരു തിരിച്ചറിയൽ കാർഡിന്റെ വിവരം രേഖപ്പെടുത്തുക.
-ലിംഗം, ജനിച്ച വർഷം, എന്നിവ നൽകണം.
-‘ആഡ് മോർ ഓപ്ഷൻ’ നൽകി ഒരു മൊബൈൽ നമ്പറിൽ നിന്ന് നാല് പേർക്ക് രജിസ്റ്റർ ചെയ്യാം.
-വാക്‌സിനേഷൻ ഷെഡ്യൂൾ ചെയ്യാനായി പേരിന് നേരെയുള്ള ‘ഷെഡ്യൂൾ’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
-‘ഷെഡ്യൂൾ നൗ’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം.
-അതിൽ താമസ സ്ഥലത്തിന്റെ പിൻകോഡ് നൽകുകയോ, ജില്ല തെരഞ്ഞെടുക്കുകയോ ചെയ്യുമ്പോൾ വാക്‌സിനേഷൻ സെന്ററുകളുടെ വിവരം ലഭ്യമാകും.
-തുടർന്ന് തിയതിയും സമയവും നൽകി വാക്‌സിനേഷൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കാം.
വാക്‌സിനേഷൻ സെന്ററിൽ അപ്പോയിൻമെന്റ് സ്ലിപ്പിന്റെ പ്രിന്റ് ഔട്ട് കാണിക്കുകയോ, മൊബൈലിൽ വന്ന മെസേജ് ഹാജരാക്കുകയോ ചെയ്യണം.
Story Highlights: covid vaccine side effects explained, 24 explainer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here