ടൗട്ടേ ചുഴലിക്കാറ്റ്; ഗുജറാത്ത് തീരങ്ങളിൽ നിന്ന് ഒഴിപ്പിച്ചത് ഒന്നര ലക്ഷത്തോളം ആളുകളെ

ടൗട്ടേ ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് ഗുജറാത്ത് തീരങ്ങളിൽ നിന്ന് ഒഴിപ്പിച്ചത് ഒന്നര ലക്ഷത്തോളം ആളുകളെ. മുഖ്യമന്ത്രി വിജയ് രൂപാണിയാണ് ഇക്കാര്യം അയിച്ചത്. 17 ജില്ലകളിലായി, സൗരാഷ്ട്ര, കച്ച് തീരദേശങ്ങളിൽ നിന്നാകമാനം പരമാവധി ആളുകളെ ഒഴിപ്പിച്ചു എന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇന്ന് വൈകുന്നേരത്തോടെ ടൗട്ടേ ഗുജറാത്തിലെത്തുമെന്നാണ് അനുമാനം.
ഗുജറാത്തിലെ പോർബന്തറിനും ഭാവ് നാഗരിനും ഇടയിൽ ചുഴലി കാറ്റ് ഇന്ന് വൈകീട്ടോടെ തന്നെ എത്തും എന്നാണ് പ്രവചനം. ചൊവ്വാഴ്ച രാവിലെ കരയിൽ എത്തും എന്നായിരുന്നു നേരത്തെ കണക്കാക്കിയിരുന്നത് എന്നാൽ ചുഴലിക്കാറ്റിൻറെ സഞ്ചാര വേഗത വർധിച്ചതാണ് നേരത്തെ എത്താൻ കാരണം.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർ ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ചുഴലിക്കാറ്റിനെ നേരിടാൻ ഉള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തി. ഗുജറാത്തിലെ തീരപ്രദേശങ്ങളിൽ നിന്ന് പതിനായിരക്കണക്കിന് പേരെ ഒഴിപ്പിച്ചു. മഹാരാഷ്ട്രയിലെ കാറ്റ് ബാധിക്കാനിടയുള്ള പ്രദേശങ്ങളിൽ നിന്ന് കൊവിഡ് രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി.
മഹാരാഷ്ട്രയിൽ ഇന്ന് നടത്തേണ്ട കൊവിഡ് വാക്‌സിൻ കുത്തിവയ്പുകൾ റദ്ദാക്കി. ഇരു സംസ്ഥാനങ്ങളിലും എൻഡിആർഎഫ് സംഘം രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രദേശത്ത് ശക്തമായ കാറ്റും മഴയും തുടരുകയാണ്. കർണാടക, ഗോവ സംസ്ഥാനങ്ങളിൽ കനത്ത നാശം വിതച്ചാണ് ചുഴലികാറ്റ് മഹാരാഷ്ട്ര തീരത്തോട് അടുത്തത്.
കനത്ത കാറ്റിലും മഴയിലും കർണാടകയിലും ഗോവയിലും ആയി ഏഴ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. വൈദ്യുത ബന്ധം തകരാറിലായതിനെ തുടർന്ന്, ഗോവയിലെ ആശുപത്രികളുടെ പ്രവർത്തനം താറുമാറായി. ഇരു സംസ്ഥാനങ്ങളിലും നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ഇതുവരെ പൂർത്തിയായിട്ടില്ല. ചുഴലിക്കാറ്റിന്റെ ഭാഗമായി അഞ്ച് സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുകയാണ്.
Story Highlights: Cyclone Tauktae, 1.5 lakh people evacuated from coastal areas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here