ഐഎംഎ മുൻ പ്രസിഡന്റ് ഡോ. കെകെ അഗർവാൾ കൊവിഡ് ബാധിച്ച് മരിച്ചു

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ പ്രസിഡൻ്റ് പത്മശ്രീ ഡോ. കെ കെ അഗർവാൾ കൊവിഡ് ബാധിച്ച് മരിച്ചു. 62 വയസ്സായിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി അദ്ദേഹം കൊവിഡ് ബാധിതനായിരുന്നു. ഡൽഹി എയിംസിലായിരുന്നു അദ്ദേഹത്തിന് ചികിത്സ നൽകിയിരുന്നത്. കൊവിഡ് ബാധ രൂക്ഷമായതിനെ തുടർന്ന് അദ്ദേഹത്തെ കഴിഞ്ഞ ആഴ്ച വെൻ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഇന്നലെ രാത്രി 11.30യോടെ എയിംസിൽ വച്ചായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം.
ഹൃദോഗ വിദഗ്ധനായ അഗർവാൾ ഹാർട്ട് കെയർ ഫൗണ്ടേഷൻ തലവനായിരുന്നു. 2010ൽ രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു. 2005ൽ അദ്ദേഹത്തിന് ബിസി റോയ് പുരസ്കാരവും ലഭിച്ചു.
അതേസമയം, രാജ്യത്തെ കൊവിഡ് ബാധ അതിതീവ്രമായി തുടരുന്നു. 2,63,533 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 4329 പേർ മരണപ്പെട്ടു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന കണക്കാണ് ഇത്. ആകെ രാജ്യത്ത് 2,52,28,996 പേർക്കാണ് ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ രോഗബാധിതരായി കഴിയുന്നത് 33,53,765 പേരാണ്. രാജ്യത്തെ ആകെ മരണം 2,78,719 ആയി.
രണ്ടരക്കോടി കൊവിഡ് ബാധിതർ ഉണ്ടാവുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്കയാണ് ആദ്യമായി രണ്ടരക്കോടി കൊവിഡ് രോഗികളിൽ എത്തിയത്. 4,22,000 പേർ ഇന്നലെ രോഗമുക്തരായി. നിലവിൽ ചികിത്സയിൽ ഇരിക്കുന്നവരുടെ എണ്ണം 33.53 ലക്ഷമായി കുറഞ്ഞു. മഹാരാഷ്ട്രയിൽ മാത്രം ഇന്നലെ 1000 പേർ മരണപ്പെട്ടു.
Story Highlights: Former IMA president Dr KK Aggarwal passes away due to covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here