Advertisement

എ.കെ.ജി സെന്ററില്‍ പ്രോട്ടോക്കോള്‍ പാലിക്കാതെ കേക്ക് മുറിച്ചവര്‍ സ്റ്റേഡിയത്തില്‍ അത് പാലിക്കുമോ? മുഖ്യമന്ത്രിയോട് ശോഭ സുരേന്ദ്രൻ

May 18, 2021
Google News 0 minutes Read

രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കാനിരിക്കെ വിമർശനവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. സെന്‍ട്രല്‍ സ്റ്റേഡിയത്തിന്റെ എന്‍ട്രി പോയിന്റ് മുതല്‍ പ്രോട്ടോക്കോള്‍ ലംഘനത്തിന് സാധ്യതയുണ്ടെന്നും എ.കെ.ജി സെന്ററില്‍ പ്രോട്ടോക്കോള്‍ പാലിക്കാതെ കേക്ക് മുറിച്ചവര്‍ സ്റ്റേഡിയത്തില്‍ അത് പാലിക്കും എന്ന് പറയുന്നതില്‍ എന്ത് ആത്മാര്‍ഥതയാണുള്ളതെന്നും ശോഭ സുരേന്ദ്രൻ.

ട്രിപ്പിള്‍ ലോക്ക്‌ഡൌണ്‍ എന്ന അശാസ്ത്രീയ വിലക്ക് കൊണ്ട് ആംബുലന്‍സ് ഉള്‍പ്പടെയുള്ളവ കടന്നുപോകേണ്ട വഴികള്‍ കെട്ടിയടച്ച് ഉത്തരവിറക്കി, അതേ ജില്ലയില്‍ 500 പേരെ വെച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടത്തുന്നതിനെ ഇരട്ടത്താപ്പ് എന്ന് മാത്രം പറഞ്ഞാല്‍ പോരാ. മുഖ്യമന്ത്രി പിണറായി വിജയന്റെ പേരുപറഞ്ഞ് അഭിസംബോധന ചെയ്തുകൊണ്ട് ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ശോഭയുടെ വിമര്‍ശനങ്ങള്‍.

കഴിഞ്ഞ ദിവസം സംസ്ഥാനത്തെ മന്ത്രിസഭാ രൂപീകരണം വൈകിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ശോഭ സുരേന്ദ്രൻ വിമർശനം ഉന്നയിച്ചിരുന്നു. കൊവിഡിന്റെ രണ്ടാ തരംഗവും സംസ്ഥാനത്തെ കനത്ത മഴയും പ്രധാന വിഷയങ്ങളായി സൂചിപ്പിച്ചുകൊണ്ടായിരുന്നു ശോഭ ഇടതുപക്ഷത്തിനുനേരെ വിമർശനം ഉന്നയിച്ചത്.

അതേസമയം കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ രണ്ടാം പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങ് മെയ് 20ന് ഉച്ചകഴിഞ്ഞ് 3.30ന് നടക്കുമെന്ന് പിണറായി വിജയൻ അറിയിച്ചു.ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരിക്കും പ്രവേശനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ചടങ്ങിൽ പരമാവധി 500 പേർക്ക് മാത്രമാണ് പ്രവേശനം ഉണ്ടാവുക.

ശോഭ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പിൻറെ പൂർണ്ണരൂപം

ട്രിപ്പിൾ ലോക്ക്ഡൌൺ എന്ന അശാസ്ത്രീയ വിലക്ക് കൊണ്ട് ആംബുലൻസ് ഉൾപ്പടെയുള്ളവ കടന്നുപോകേണ്ട വഴികൾ കെട്ടിയടച്ച് ഉത്തരവിറക്കി, അതേ ജില്ലയിൽ 500 പേരെ വെച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടത്തുന്നതിന് ഇരട്ടത്താപ്പ് എന്ന് പറഞ്ഞാൽ പോരാ. സെൻട്രൽ സ്റ്റേഡിയത്തിന്റെ എൻട്രി പോയിന്റ് മുതൽ കൊവിഡ് പ്രോട്ടൊക്കോൾ ലംഘനമുണ്ടക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. എൽ ഡി എഫ് നേതാക്കൾ എ കെ ജി സെന്ററിൽ നടത്തിയ കേക്ക് മുറിച്ചുള്ള ആഘോഷം തന്നെ കൊവിഡ് പ്രോട്ടോകോൾ ലംഘനമായിരുന്നു. അപ്പോൾ പിന്നെ എ കെ ജി സെന്ററിൽ പാലിക്കാത്ത പ്രോട്ടൊക്കോൾ സെൻട്രൽ സ്റ്റേഡിയത്തിൽ പാലിക്കും എന്ന് പറയുന്നതിൽ എന്ത് ആത്മാർത്ഥതയാണുള്ളത്? മനുഷ്യ ജീവനേക്കാൾ പ്രകടനപരതയ്ക്ക് എന്നല്ല ഒന്നിനും പ്രാധാന്യമില്ല എന്ന് കൊവിഡ് അനുഭവത്തിൽ നിന്നെങ്കിലും പഠിക്കണമായിരുന്നു, മിസ്റ്റർ പിണറായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here