ടൗട്ടേ ചുഴലിക്കാറ്റ് ദുർബലമാവുന്നു

അറബിക്കടലിൽ രൂപപ്പെട്ട ടൗട്ടേ ചുഴലിക്കാറ്റ് ദുർബലമാകുന്നു. ഇന്ന് പുലർച്ചെ ചുഴലിക്കാറ്റ് പൂർണമായും കരയിൽ പ്രവേശിച്ചു. ദിയുവിനും അഹമ്മദാബാദിനും ഇടയിൽ സൗരാഷ്ട്രയ്ക്ക് സമീപമാണ് ചുഴലിക്കാറ്റ് കരയിൽ കയറിയത്. രാത്രി 9 മണിയോടെ തീരം തൊട്ട ടൗട്ടേ ഗുജറാത്തിലും മഹാരാഷ്ട്രയിലും ആകമാനം വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നു.
അതീവ തീവ്രതയുള്ള ചുഴലിക്കാറ്റായിരുന്ന ടൗട്ടേ കരയിൽ പ്രവേശിച്ചതോടെ സാധാരണ ചുഴലിക്കാറ്റായിരുന്നു. മണിക്കൂറിൽ പരമാവധി 200 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്. ഇത് വീണ്ടും ദുർബലമാകുന്ന ലക്ഷണങ്ങളാണ് കാണുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു.
ഗുജറാത്തിലെ അഞ്ചു ജില്ലകളിൽ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചു. മേഖലയിൽ അതി തീവ്ര മഴ തുടരുകയാണ്. ചുഴലിക്കാറ്റിന് മുന്നോടിയായി ഗുജറാത്തിലെ 17 ജില്ലകളിൽ നിന്നും രണ്ട് ലക്ഷത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു.
മഹാരാഷ്ട്രയിൽ പലയിടങ്ങളിലും ശക്തമായ മഴ തുടരുകയാണ്. ചുഴലിക്കാറ്റിനെ തുടർന്ന് മഹാരാഷ്ട്രയിൽ ആറ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മുംബൈ വിമാനത്താവളത്തിലെ പ്രവർത്തനം രാത്രി 10 മണിയോടെ പുനരാരംഭിച്ചു. മുംബൈ തീരത്ത് 2 ബാർജുകളിലായി കുടുങ്ങിക്കിടക്കുന്ന 410 പേരിൽ, 60 പേരെ രക്ഷിച്ചതായി നാവികസേന അറിയിച്ചു. ഗുജറാത്തിലും മഹാരാഷ്ട്രയിലും ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ തുടരുകയാണ്. കര, നാവിക, വ്യോമ സേന വിഭാഗങ്ങൾ രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ട്.
Story Highlights: tauktae cyclone weakens in gujarat and maharashtra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here