ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കായി പ്രത്യേക ചികിത്സാ കേന്ദ്രങ്ങൾ തുടങ്ങുമെന്ന് ഡൽഹി മുഖ്യമന്ത്രി

രാജ്യത്ത് കൊവിഡിന് പിന്നാലെ ബ്ലാക്ക് ഫംഗസ് ആശങ്ക പടർത്തുകയാണ്. ബ്ലാക്ക് ഫംഗസ് വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ ഡൽഹിയിലെ മൂന്ന് ആശുപത്രികളിൽ പ്രത്യേക ചികിത്സാ കേന്ദ്രങ്ങളൊരുക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ പറഞ്ഞു. ഡൽഹി എൽഎൻജെപി ആശുപത്രി, ജിടിബി ആശുപത്രി, രാജീവ് ഗാന്ധി ആശുപത്രി എന്നിവിടങ്ങളിലാണ് പ്രത്യേക കേന്ദ്രം സജ്ജീകരിക്കുക. ഡൽഹിയിൽ ബ്ലാക്ക് ഫംഗസ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ആരോഗ്യ വിദഗ്ദരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
‘ഫംഗസിന്റെ കൂടുതൽ വ്യാപനം ഒഴിവാക്കണം. അതിനായി മികച്ച ചികിത്സയാണ് വേണ്ടത്’. മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു. ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കായുള്ള മരുന്നുകളുടെ ഏകോപനം, രോഗവ്യാപനം തടയുന്നതിനുള്ള ബോധവത്ക്കരണം തുടങ്ങിയ തീരുമാനങ്ങളും വിദഗ്ദരുമായുള്ള ചർച്ചയിലുണ്ടായി. ബ്ലാക്ക് ഫംഗസ് പ്രതിരോധത്തിനായി ഉപയോഗിക്കുന്ന ആംഫോറ്റെറിസിൻ-ബി മരുന്നിന്റെ ലഭ്യത കൂടുതൽ കാര്യക്ഷമമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആംഫോറ്റെറിസിൻ-ബി രാജ്യത്ത് വിവിധയിടങ്ങളിലായി കരിഞ്ചന്തയിൽ വിൽക്കുന്നു എന്ന റിപ്പോർട്ടുകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പ്രതിരോധമരുന്നിന്റെ വിതരണം സുതാര്യമാക്കുന്നത് ഉറപ്പുവരുത്താൻ ഡൽഹി സർക്കാർ നാലംഗ സമിതിയെ രൂപീകരിച്ചിട്ടുണ്ട്.
Story Highlights: special black fungus care centres delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here