കമൽ ഹാസന്റെ താരമൂല്യം വോട്ടായില്ല; കൂട്ടത്തോടെ കൂടൊഴിഞ്ഞ് നേതാക്കൾ

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ മോശം പരാജയത്തെ തുടർന്ന് കമൽ ഹാസന്റെ മക്കൾ നീതി മയ്യത്തിൽ നിന്ന് കൂട്ടത്തോടെ കൂടൊഴിഞ്ഞ് നേതാക്കൾ. “താരാരാധന എന്നൊന്നില്ല” എന്നാണ് പാർട്ടി വിട്ട സി.കെ കുമാരവേൽ പറഞ്ഞത്.
തെരഞ്ഞെടുപ്പ് ഫലങ്ങൾ പാർട്ടിക്ക് ഗുണം ചെയ്യാത്തതിനെ തുടർന്ന് മെയ് 2 മുതൽ മക്കൾ നീതി മയ്യം നിരവധി വേര്പിരിയലുകൾക്ക് സാക്ഷ്യം വഹിച്ചു. മൂന്നു വർഷം മുമ്പ് രൂപീകരിച്ച കമൽഹാസൻറെ മക്കൾ നീതി മയ്യം തമിഴ്നാട്ടിൽ 294 സീറ്റിലും മത്സരിച്ചിരുന്നു. എന്നാൽ, കോയമ്പത്തൂർ സൗത്തിൽ നിന്ന് മത്സരിച്ച കമൽഹാസനടക്കമുള്ള ഒരു സ്ഥാനാർഥിക്കും വിജയിക്കാനായില്ല. ഇതേ തുടർന്നാണ് നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിടുന്നത്.
വോട്ടെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് എം.എൻ.എം സ്ഥാനങ്ങൾ രാജിവച്ച ആറ് നേതാക്കളിൽ സി.കെ. കുമാരവേലും ഉൾപ്പെടുന്നു. പാർട്ടിയുടെ തന്ത്രസംഘം തെറ്റായ മാർഗ്ഗനിർദ്ദേശം നൽകുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.എം.എൻ.എം വൈസ് പ്രസിഡന്റ് ആർ മഹേന്ദ്രൻ, ജനറൽ സെക്രട്ടറി സന്തോഷ് ബാബു, പത്മ പ്രിയ എന്നിവരുൾപ്പെടെ നിരവധി നേതാക്കൾ വോട്ടെടുപ്പ് ഫലത്തെത്തുടർന്ന് വ്യക്തിപരമായ കാരണങ്ങൾ പറഞ്ഞ് രാജിവച്ചതിനെ തുടർന്നാണ് കുമാരവേലും പുറത്ത് വന്നത്.
“വീരാരാധനകളൊന്നുമില്ല, മതേതര ജനാധിപത്യ രാഷ്ട്രീയത്തിൽ സഞ്ചരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മൾ ചരിത്രം സൃഷ്ടിക്കേണ്ടതുണ്ടായിരുന്നു, പക്ഷേ നമ്മൾ ചരിത്രം വായിക്കുന്നു,” സ്വന്തം മണ്ഡലത്തിൽ പരാജയപ്പെട്ട കമൽ ഹാസന് അയച്ച സന്ദേശത്തിൽ കുമാരവേൽ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റു പോലും നേടാനാകാത്തതിൽ കടുത്ത നിരാശയിലായിരുന്നു നേതാക്കളേറെയും. എന്നാൽ, ഇപ്പോൾ പുറത്തു പോകുന്നത് ആവശ്യമില്ലാത്ത കളകളാണ് എന്നാണ് കമൽഹാസൻ നേതാക്കളുടെ രാജിയോട് പ്രതികരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here