ടൗട്ടെ ചുഴലിക്കാറ്റ്; മുംബൈ ബാര്‍ജ് അപകടത്തില്‍ മലയാളി മരിച്ചു

മുംബൈയില്‍ ടൗട്ടേ ചുഴലിക്കാറ്റില്‍പ്പെട്ട് അറബിക്കടലില്‍ മുങ്ങിപ്പോയ ബാര്‍ജില്‍ ഉണ്ടായിരുന്ന മലയാളി മരിച്ചു. വയനാട് കല്‍പറ്റ സ്വദേശി ജോമിഷ് ജോസഫാണ് (35) മരിച്ചത്. ബോസ്റ്റഡ് കണ്‍ട്രോള്‍ ആന്‍ഡ് ഇലട്രികല്‍സിലെ ജീവനക്കാരനായിരുന്നു.
ബാര്‍ജ് പി 305 ല്‍ ഉണ്ടായിരുന്ന 184 ജീവനക്കാരെയും വരപ്രദയില്‍ നിന്നുള്ള 2 പേരെയും അടക്കം 186 പേരെ നേവിയും വ്യോമസേനയും ചേര്‍ന്ന് രക്ഷപ്പെടുത്തിയാതായി നാവികസേനാ വക്താവ് പറഞ്ഞു. ബാര്‍ജില്‍നിന്നു രക്ഷപ്പെടുത്തിയവരില്‍ ഇരുപതിലേറെ മലയാളികളും ഉണ്ടായിരുന്നു.
രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ നാവികസേനയാണ് ഇവരുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടത്. ദിലീപ് കുമാര്‍, വര്‍ഗീസ് സാം, ഹരീഷ് വി.കെ, ബാലചന്ദ്രന്‍, മാത്യു ടി, പ്രിന്‍സ് കെ.സി, പ്രണവ്, ജിന്‍സണ്‍ കെ.ജെ., ആഗ്‌നേല്‍ വര്‍ക്കി, സന്തോഷ്‌കുമാര്‍, റോബിന്‍, സുധീര്‍, ശ്രീകാന്ത് , അനില്‍ വായച്ചല്‍, ജോയല്‍, , ജിതിന്‍, ശ്രീഹരി, ജോസഫ് ജോര്‍ജ്, ദീപക് ടി.കെ, അമല്‍ ബാബു, ഗിരീഷ് കെ.വി, ടിജു സെബാസ്റ്റ്യന്‍, തുടങ്ങിയവരുടെ പേരാണ് പട്ടികയിലുള്ളത്. ബുധനാഴ്ച നാവികസേനയുടെ ഐ.എന്‍.എസ്. കൊച്ചി എന്ന കപ്പലിലാണ് ഇവരെ സുരക്ഷിതരായി മുംബൈ തീരത്തെത്തിച്ചത്.
ബാര്‍ജ് മുങ്ങാന്‍ തുടങ്ങിയപ്പോള്‍ ജീവനക്കാരെല്ലാം പരിഭ്രാന്തിയിലായെന്നും നിര്‍ദ്ദേശം കിട്ടിയതനുസരിച്ച് എല്ലാവരും ലൈഫ് ജാക്കറ്റ് ധരിച്ച് വെള്ളത്തിലേക്ക് ചാടുകയായിരുന്നു. പലരുടെയും വിലപ്പെട്ട രേഖകളും മൊബൈല്‍ ഫോണുകളും നഷ്ടമായി. അതോടെ ബന്ധപ്പെടാന്‍ കഴിയാതെ നൂറു കണക്കിന് കുടുംബങ്ങളും ആശങ്കയിലായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here