“എനിക്ക് ഈ വിമാനം പറപ്പിച്ചാലെന്താ?”; 13-ാം വയസിലെ മോഹം ജെനിയെ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കൊമേഴ്സ്യൽ പൈലറ്റ് ആക്കി

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കൊമേഴ്സ്യൽ പൈലറ്റ് ആയി ജെനി ജേറോം. ഇന്ന് ഷാർജയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള എയർ അറേബ്യ (G9-449) ഫ്ലൈറ്റിൻ്റെ കോ-പൈലറ്റ് ആയി തിരുവനന്തപുരത്തേക്ക് ജെനി യാത്ര തിരിക്കുമ്പോൾ ഈ പെൺകുട്ടി എഴുതിയത് പുതിയൊരു ചരിത്രമാണ്. ഒപ്പം ധാരാളം പെൺകുട്ടികൾക്ക് വാനം തൊടാനുള്ള പ്രചോദനവും…
കോവളം കരുംങ്കുളം സ്വദേശിനി ബിയാട്രസിൻ്റെയും, ജറോമിന്റെയും മകളും മാസ് ഷാർജ മെമ്പറുമാണ് ജെനി ജേറോം. തീരദേശ മേഖലയായ കൊച്ചുതുറയിൽ നിന്നും വാനോളം ഉയരുകയാണ് ഈ പെൺകരുത്ത്.
ജെനി എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ്, “എനിക്ക് വിമാനം പറപ്പിച്ചാലെന്താ?” എന്ന മോഹം ഉദിക്കുന്നത്. അവൾ ആ ആഗ്രഹം കൊണ്ട് നടന്നു. പ്ലസ്ടു കഴിഞ്ഞപ്പോൾ അവൾ തീർത്തു പറഞ്ഞു, “എനിക്ക് പൈലറ്റാകണം; അല്ല, ഞാൻ പൈലറ്റ് തന്നെയാകും.” സ്ത്രീകൾ അധികം കടന്നുചെല്ലാത്ത ഈ മേഖലയിലേക്ക് കാൽവയ്പ്പ് നടത്താൻ ജനിക്ക് അൽപം പോലും മടിയുണ്ടായിരുന്നില്ല. പ്രതിസന്ധികൾ തരണം ചെയ്തും ആകാശം തൊടണമെന്ന ആഗ്രമാണ് അവളെ ഓരോ ചുവടിലും മുന്നോട്ട് നയിച്ചത്.

പ്ലസ് ടു കഴിഞ്ഞപ്പോൾ തന്നെ ഷാർജ ആൽഫാ ഏവിയേഷൻ അക്കാദമിയിൽ സെലക്ഷൻ കിട്ടി. പരിശീലനത്തിനിടക്ക് രണ്ട് വർഷം മുൻപ് ജെനിക്ക് അപകടം സംഭവിച്ചിരുന്നു. പക്ഷെ ഭാഗ്യവശാൽ ജെനിക്ക് ഒന്നും സംഭവിച്ചില്ല. ജെനിയുടെ സ്വപ്നത്തെ ആ അപകടം തളർത്തിയതുമില്ല.
ഒടുവിൽ ഇന്ന് ഷാർജയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള എയർ അറേബ്യ (G9-449) ഫ്ലൈറ്റിൻ്റെ കോ-പൈലറ്റ് ആയി ജനി ഇന്ന് വാനം തൊടുകയാണ്. മുൻ മന്ത്രി കെ.കെ ശൈലജയടക്കം നിരവധി പേരാണ് ജെന്നിക്ക് ആശംസയേകി രംഗത്തെത്തിയത്.
Story Highlights: jenny jerome keralas youngest commercial pilot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here