22
Jun 2021
Tuesday

കൊവിഡിനെതിരെ പോരാടാൻ സർക്കാരിന് പിന്തുണ നൽകും; വെല്ലുവിളികൾ നിറഞ്ഞ ചുമതലയെന്ന് വി. ഡി സതീശൻ

കൊവിഡ് മഹാമാരിയിൽ പോരാടാൻ സർക്കാരിന് പൂർണ പിന്തുണ നൽകുമെന്ന് വി.ഡി സതീശൻ. ഏൽപ്പിച്ചിരിക്കുന്നത് വെല്ലുവിളികൾ നിറഞ്ഞ ചുമതലയാണെന്നും ജനങ്ങൾ ആഗ്രഹിക്കുന്നത് പോലെ പ്രവർത്തിക്കുമെന്നും വി.ഡി സതീശൻ പ്രതികരിച്ചു.

‘യുഡിഎഫിന്റെയും ഇന്റർനാഷണൽ കോൺഗ്രസിന്റെയും ഏറ്റവും പ്രതിസന്ധി നിറഞ്ഞ സമയത്ത് വളരെ പ്രധാനപ്പെട്ട ചുമതല എന്നെ ഏൽപ്പിച്ച കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയോടും രാഹുൽഗാന്ധിയോടും കെ. സി വേണുഗോപാലിനോടും താരിഖ് അൻവറിനോടും പ്രത്യേകമായി നന്ദി അറിയിക്കുന്നു. കോൺഗ്രസ് പാർലമെന്ററി പാർട്ടി അംഗങ്ങളോടും കേരളത്തിൽ നിന്നുള്ള എംപിമാരോടും മുതിർന്ന നേതാക്കളോടും കടപ്പെട്ടിരിക്കുകയാണ്. കെ. കരുണാകരനും ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കം മഹാരഥന്മാർ ഇരുന്ന സ്ഥാനത്ത് എന്നെ അനുവദിച്ച തീരുമാനത്തിൽ വിസ്മയം തോന്നുന്നു. വെല്ലുവിളികൾ ഉണ്ടെന്ന തികഞ്ഞ ബോധ്യത്തോടുകൂടി കേരളത്തിലെ കോൺഗ്രസിനെയും യുഡിഎഫിനെയും ഐതിഹാസികമായ തിരിച്ചുവരിവിലേക്ക് നയിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തോടെ പ്രതിപക്ഷ നേതാവ് പദവി ഏറ്റെടുക്കുകയാണ്.

ഇതൊരു പുഷ്പകിരീടമല്ല എന്ന് ബോധ്യമുണ്ട്. ജനങ്ങളുടെയും പ്രവർത്തകരുടെയും ആഗ്രഹം പോലെ യുഡിഎഫിനെയും കോൺഗ്രസിനെയും തിരിച്ചുകൊണ്ടുവരാൻ ഘടകകക്ഷികളുടെയും പ്രവർത്തകരുടെയും പിന്തുണയോടെ പ്രവർത്തിക്കും. എല്ലാ തലങ്ങളിലുമുള്ള നേതാക്കളെ കൂട്ടിയോജിപ്പിച്ച് ഏകോപിപ്പിച്ച് ഒറ്റക്കെട്ടായി മുന്നോട്ടുപോകും. വർഗീയതക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തും.

1967ല കനത്ത പരാജയത്തിന് ശേഷമുണ്ടായിരിക്കുന്ന ഇപ്പോഴത്തെ പരാജയത്തിൽ നിന്ന് തിരിച്ചുകയറാനുള്ള ശ്രമമായിരിക്കും ഇനിയുള്ള ദിവസങ്ങളിൽ നടക്കുക. പ്രതിപക്ഷമെന്ന നിലയിൽ പരമ്പരാഗത സമീപനങ്ങളിൽ ചില മാറ്റമുണ്ടാകണം. അത് സഹപ്രവർത്തകരുമായി ആലോചിച്ച് തീരുമാനിക്കും. കാലം മാറുന്നതിനനുസരിച്ച് മാറ്റമുണ്ടാകണം. സമൂഹം ആഗ്രഹിക്കുന്ന രീതിയിൽ മാറ്റമുണ്ടാകുമെന്ന് ഉറപ്പ് നൽകുകയാണ്. ജനങ്ങൾ അധികാരത്തിലേറ്റിയ സർക്കാരിനെ ഭരിക്കാൻ അനുവദിക്കാതിരിക്കുകയോ വെല്ലുവിളിക്കുകയോ ചെയ്യുകയല്ല പ്രതിപക്ഷത്തിന്റെ ജോലി. ഈ മഹാമാരിയുടെ കാലത്ത് ഞങ്ങൾ സർക്കാരിനൊപ്പമുണ്ടാകും. സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന പ്രോട്ടോക്കോൾ പൂർണമായി നടപ്പിലാക്കുന്നതിന് യുഡിഎഫ് പരിശ്രമിക്കും. കൊവിഡിൽ നിന്ന് കേരളത്തെ രക്ഷിക്കാനുള്ള ,സർക്കാരിന്റെ ശ്രമങ്ങൾക്ക് യുഡിഎഫ് നിരുപാധികമായി എല്ലാ പിന്തുണയും നൽകുമെന്ന് ഉറപ്പ് നൽകുന്നു. ഈ വിഷമഘട്ടത്തിൽ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ശ്രമത്തിലാണ് ജനങ്ങൾ. അതിനിടയിൽ രാഷ്ട്രീയ സംഘർഷത്തിനല്ല പോകേണ്ടത്. അവരെ ഏത് രീതിയിൽ സഹായിക്കാൻ കഴിയുമെന്ന് സർക്കാരിനൊപ്പം നിന്ന് ആലോചിക്കുകയാണ് വേണ്ടത്.

പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾ തമ്മിലടിക്കുന്നത് പോലെ തമ്മിലടിക്കാതെ ജനങ്ങൾക്കൊപ്പം നിലകൊള്ളുന്നു എന്ന് അവർക്ക് വിശ്വാസം വരണം. അതിനുള്ള നടപടിയായിരിക്കും യുഡിഎഫിന്റെ ഭാഗത്ത് നിന്ന് ആദ്യമായി ഉണ്ടാകുക. സർക്കാർ ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങളെയും ആത്മാർത്ഥമായി പിന്തുണയ്ക്കും. തെറ്റായ കാര്യങ്ങൾ ചെയ്യുമ്പോൾ അത് ചൂണ്ടിക്കാണിക്കും. അത് പ്രതിപക്ഷത്തിന്റ ധർമമാണ്. ഏൽപ്പിച്ച കർത്തവ്യം ഭംഗിയായി നടപ്പിലാക്കാൻ പരിശ്രമിക്കും’. വി.ഡി സതീശൻ വ്യക്തമാക്കി.

Story Highlights: vd satheeshan

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top