ഡെലിവറി ബോയ്സിന് കൊവിഡ് വാക്സിനേഷൻ നൽകാൻ ആരംഭിച്ച് സ്വിഗിയും സൊമാറ്റോയും

തങ്ങളുടെ ഡെലിവറി പാർട്ണർമാർക്ക് കൊവിഡ് വാക്സിനേഷൻ നൽകാൻ ആരംഭിച്ച് ഭക്ഷണവിതരണ ആപ്പുകളായ സ്വിഗിയും സൊമാറ്റോയും. ഡൽഹിയിൽ തങ്ങളുടെ ഡെലിവറി പാർട്ണർമാർക്ക് വാക്സിൻ നൽകാൻ ആരംഭിച്ചുകഴിഞ്ഞെന്ന് സൊമാറ്റോ ഫൗണ്ടർ ദീപേന്ദർ ഗോയൽ ട്വീറ്റ് ചെയ്തു. ഉടൻ തന്നെ മുംബൈയിലും ബെംഗളൂരുവിലും മറ്റ് പട്ടണങ്ങളിലും വാക്സിനേഷൻ ഡ്രൈവുകൾ ആരംഭിക്കുമെന്നും അദ്ദേഹം കുറിച്ചു. സ്വിഗി ബെംഗളൂരുവിൽ വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചിട്ടുണ്ട്.
പതിനായിരക്കണക്കിന് തൊഴിലാളികൾക്ക് വാക്സിൻ നൽകിക്കഴിഞ്ഞു എന്ന് ഇരു കമ്പനികളും അവകാശപ്പെട്ടു. സ്വയം വാക്സിൻ എടുക്കുന്ന തൊഴിലാളികൾക്ക് ചെലവാകുന്ന തുക നൽകാൻ ഇരു കമ്പനികളും തീരുമാനിച്ചു. സ്വിഗിയാണ് ആദ്യം തൊഴിലാളികൾക്ക് വാക്സിൻ നൽകാൻ തീരുമാനിച്ചത്. പിന്നാലെ സൊമാറ്റോയും ഇക്കാര്യം വ്യക്തമാക്കി. വരുന്ന ഏതാനും ദിവസങ്ങൾക്കുള്ളിൽ എല്ലാ തൊഴിലാളികൾക്കും വാക്സിൻ നൽകുമെന്ന് ഇരു കമ്പനികളും അറിയിച്ചു.
മാക്സ് ഹെൽത്ത്‌കെയറുമായി ചേർന്നാണ് സൊമാറ്റോ വാക്സിനേഷൻ ഡ്രൈവ് നടത്തുന്നത്. 1,50,000 തൊഴിലാളികൾക്ക് തങ്ങൾ വാക്സിൻ നൽകുമെന്ന് സൊമാറ്റോ അറിയിച്ചു. സ്വിഗിയാവട്ടെ, തൊഴിലാളികൾക്കും കുടുംബക്കാർക്കും 24 മണിക്കൂറും ഓൺലൈനായി ഡോക്ടർമാരുടെ സേവനം ഒരുക്കുമെന്ന് വ്യക്തമാക്കി.
ആമസോൺ, ഫ്ലിപ്കാർട്ട്, ഊബർ തുടങ്ങിയ കമ്പനികളും ഡെലിവറി പാർട്ണർമാർക്ക് വാക്സിൻ നൽകാൻ ഒരുങ്ങുകയാണ്.
Story Highlights: Zomato, Swiggy Kick Off COVID Vaccination Drive for Their Delivery Partners
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here