ലോക്ക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയ യുവാവിന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ക്രൂരമർദ്ദനം

ഛത്തീസ്ഘഡിലെ സുരജ്‌പുർ ജില്ലയിൽ ലോക്ക്ഡൗൺ നിലനിൽക്കെ മരുന്ന് വാങ്ങാൻ പുറത്തിറങ്ങിയ യുവാവിന് ജില്ലാ കളക്ടറുടെയും പോലീസിന്റെയും ക്രൂര മർദ്ദനം. സംഭവത്തിൻറെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു.
ജില്ല കലക്ടർ രൺബീർ ശർമയുടെ നേതൃത്വത്തിലായിരുന്നു മർദ്ദനം.
വൈറലായ വീഡിയോയിൽ, ചെറുപ്പക്കാരൻ ചില തിരിച്ചറിയൽ കാർഡുകളും മറ്റ് രേഖകൾ കാണിക്കുന്നതും , തുടർന്ന് കളക്ടർ ചെറുപ്പക്കാരന്റെ ഫോൺ തട്ടിയെടുത്തു നിലത്തേക്ക് വലിച്ചെറിയുന്നതും, പോലീസുകാരോട് മർദ്ദിക്കാൻ നിർദേശം നൽകുന്നതും കാണാം. താൻ എന്തിനാണ് പുറത്തിറങ്ങിയതെന്ന് ചെറുപ്പക്കാരൻ വിളിച്ചു പറയുന്നുണ്ടെങ്കിലും അതൊന്നും വക വെക്കാതെയാണ് പോലീസുക്കാരോട് അടിക്കാൻ ആവശ്യപ്പെടുകയും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാനും കളക്ടർ നിർദേശിച്ചത്.
ജില്ല കലക്ടറുടെ നേതൃത്വത്തിൽ ഇത്തരം അക്രമ സംഭവങ്ങൾ നടത്തുന്നതിനെതിരെ നിരവധി പേർ രംഗത്തെത്തി. ജില്ല കലക്ടറുടെ നടപടി നിന്ദ്യവും അയോഗ്യത കൽപ്പിക്കാവുന്നതുമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇൻറർ സ്റ്റേറ്റ് കൗൺസൽ സെക്രട്ടറിയറ്റ് സെക്രട്ടറി സഞ്ജീവ് ഗുപ്ത പറഞ്ഞു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ഛത്തീസ്ഘഡ് ചീഫ് സെക്രട്ടറിക്ക് കത്തയച്ചതായും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ നടപടി സ്വീകരിക്കുമെന്ന് ചീഫ് സെക്രട്ടറി മറുപടി നൽകുകയും ചെയ്തു.
അതേസമയം, അതിവേഗതയിൽ ബൈക്ക് ഓടിച്ച് വന്നതിനാണ് ചോദ്യം ചെയ്തതെന്നതായിരുന്നു കളക്ടറുടെ പ്രതികരണം. ലോക്ക്ഡൗണിൽ പുറത്തിറങ്ങിയതിന് മതിയായ കാരണങ്ങൾ ചൂണ്ടിക്കാട്ടാൻ ഇല്ലായിരുന്നെന്നും, രണ്ട് വ്യത്യസ്ത ഉത്തരങ്ങളാണ് നൽകിയതെന്നും കളക്ടർ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here