കൊവിഡ് രണ്ടാം തരംഗം മോദിയെ അപമാനിക്കാൻ ചൈന ഉണ്ടാക്കിയത്: ബിജെപി നേതാവ്

കൊവിഡ് രണ്ടാം തരംഗം ചൈന ഉണ്ടാക്കിയതെന്ന് ബിജെപി നേതാവ് കൈലാഷ് വിജയവർഗിയ. ഇന്ത്യക്കെതിരായ ചൈനയുടെ വൈറൽ യുദ്ധമാണ് കൊവിഡ് രണ്ടാം തരംഗമെന്ന് വിജയവർഗിയ പറഞ്ഞു. ആഗോളാടിസ്ഥാനത്തിൽ ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിലകുറച്ചു കാണിക്കാൻ ഉണ്ടാക്കിയതാണ്. ഈ സമയത്ത് നമ്മൾ എല്ലാവരും ഇന്ത്യക്കൊപ്പം നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.
“കൊവിഡ് രണ്ടാം തരംഗം, വന്നതാണോ വിട്ടതാണോ എന്ന് ചർച്ച ചെയ്യണം. കാരണം, ചൈനയെ വെല്ലുവിളിച്ചത് ഇന്ത്യയും മോദിയുമാണ്. മോദിയെ അപകീർത്തിപ്പെടുത്താനും അദ്ദേഹത്തിൻ്റെ ജനസമ്മിതി ഇടിക്കാനുമാണ് ചൈന ഇത് ഉണ്ടാക്കിയത്. രണ്ടാം തരംഗം ഇന്ത്യയെ മാത്രമാണ് ഇത്ര മോശം രീതിയിൽ ബാധിച്ചത്. ബംഗ്ലാദേശ്, പാകിസ്താൻ, ശ്രീലങ്ക, ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ അയൽ രാജ്യങ്ങളിലൊന്നും പ്രശ്നമില്ല. അതുകൊണ്ടാണ് ചൈനയാണ് ഈ കുഴപ്പം ഉണ്ടാക്കിയതെന്ന് എനിക്ക് തോന്നുന്നത്.”- വിജയവർഗിയ പറഞ്ഞു.
അതേസമയം, രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുകയാണ്. 24 മണിക്കൂറിനിടെ 4,454 പേരാണ് മരിച്ചത്. ഇന്നലെ 2,22,315 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 3,02,544 പേർ രോഗമുക്തി നേടി. ഇന്ത്യയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,67,52,447ആയി. ഇതിൽ 2,37,28,011 പേർ രോഗമുക്തി നേടി. വൈറസ് ബാധ മൂലം മരിച്ചത് 3,03,720 പേരാണ്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3 ലക്ഷം കടന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി.
Story Highlights: BJP’s Kailash Vijayvargiya against china
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here