Advertisement

‘എ രാജ ആകിയ നാൻ’; തമിഴിൽ സത്യപ്രതിജ്ഞ ചെയ്ത് ദേവികുളം എം.എൽ.എ; കന്നഡയിൽ എ.കെ.എം അഷ്റഫ്

May 24, 2021
Google News 0 minutes Read

15ാം നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ കന്നഡയും തമിഴും ഉൾപ്പെടെ നാലുഭാഷകളിലാണ് എം.എൽ.എമാർ സത്യപ്രതിജ്ഞ ചെയ്തത്. 43 പേർ ദൈവനാമത്തിലും 13 പേർ അള്ളാഹുമിന്റെ നാമത്തിലും സത്യപ്രതിജ്ഞ ചെയ്തു. കന്നഡയിൽ സത്യപ്രതിജ്ഞ ചൊല്ലിയ മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫാണ് നിയമസഭയിലെ ഭാഷാ വൈവിധ്യത്തിന് തുടക്കമിട്ടത്. തമിഴിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ആദ്യമായി നിയമസഭയിലെത്തിയ ദേവികുളം എം.എൽ.എ എ രാജ.

മാണി സി. കാപ്പനും മാത്യു കുഴൽനാടനും ഇംഗ്ലീഷിലും സത്യപ്രതിജ്ഞ ചെയ്തു. വടകര എം.എൽ.എ കെ കെ രമ സഗൗരവമാണ് സത്യപ്രതിജ്ഞ ചെയ്തത്. 43 പേർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ ഭൂരിപക്ഷവും യുഡിഎഫ് അംഗങ്ങൾ. സിപിഐഎം നിരയിൽ നിന്നും ആന്റണി ജോൺ, ദലീമ, വീണാ ജോർജ് എന്നിവരാണ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത്.

അള്ളാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത 13 ൽ 12 പേരും മുസ്ലീം ലീഗ് അംഗങ്ങളാണ്. 13ാമൻ മന്ത്രി അഹമ്മദ് ദേവർകോവിൽ. 78 വയസുള്ള പി.ജെ.ജോസഫാണ് സത്യപ്രതിജ്ഞ ചെയ്തവരിൽ കാരണവർ. 27 കാരനായ സച്ചിൻദേവാണ് പ്രായം കുറഞ്ഞ അംഗം. മുണ്ടും ഷർട്ടുമെന്ന സ്ഥിരം വേഷം ഉപേക്ഷിച്ച് പാന്റുധരിച്ചെത്തിയ പി.വി.ശ്രീനിജനും എ.രാജയും ശ്രദ്ധേയരായി.

ഭരണപക്ഷത്ത് മുഖ്യമന്ത്രിക്ക് തൊട്ടടുത്ത ഇരിപ്പിടം എം.വി.ഗോവിന്ദനായിരുന്നു. പ്രതിപക്ഷത്ത് വി.ഡി.സതീശൻ ഒന്നാമൻ. തൊട്ടടുത്ത് പി.കെ.കുഞ്ഞാലിക്കുട്ടി, പി.ജെ.ജോസഫ്, അനൂപ് ജേക്കബ് എന്നിവരും. ഉമ്മൻചാണ്ടിക്കും ഒന്നാംനിരയിൽ ഇരിപ്പടം ലഭിച്ചപ്പോൾ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല രണ്ടാംനിരയിലേക്ക് മാറി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here