സാഗർ റാണ കൊലക്കേസ് ; സുശീൽ കുമാറിന് ഗുണ്ടാ തലവന്മാരുമായി അടുത്ത ബന്ധമെന്ന് പൊലീസ്

ഗുസ്തി താരം സാഗർ റാണയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഒളിമ്പ്യൻ സുശീൽ കുമാറിന് ഗുണ്ടാ നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് സൂചന നൽകി ഡൽഹി പൊലീസ്. 19 ദിവസത്തെ തെരച്ചിലിനൊടുവിൽ ഇന്നലെ രാവിലെയാണ് സുശീൽ കുമാറിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ സുശീലിനെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
സുശീലും സംഘവും യുവ ഗുസ്തി താരം സാഗർ റാണയെ മർദ്ദിക്കുമ്പോൾ പരിക്കേറ്റ സോനു മഹൽ ഉത്തേരേന്ത്യയിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവായ സന്ദീപ് കാലയെന്ന കാല ജതേദിയുടെ അടുത്ത ബന്ധുവാണ്. സോനുവിനെതിരെ 19 ക്രിമിനൽ കേസുകളുണ്ട്. കാലാ ജതേദിയുമായി സുശീൽ കുമാറിന് അടുത്ത ബന്ധമുണ്ടായിരുന്നതായും പൊലീസ് പറയുന്നു.
എന്നാൽ ഛത്രസാൽ സ്റ്റേഡിയത്തിൽവെച്ച് സാഗർ റാണയെയും സോനുവിനെയും സുശീൽ മർദ്ദിച്ചതോടെ കാലാ ജതേദിയും സുശീലുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടായതായും പൊലീസ് പറയുന്നു. ഹരിയാന ആസ്ഥാനമായാണ് ഇയാളുടെ പ്രവർത്തനങ്ങങ്കിലും ഉത്തേരേന്ത്യയിലെ ക്രിമിനൽ കേസുകളുടെയെല്ലാം പിന്നിൽ കാലാ ജതേദിയുടെ കൈകളുണ്ടെന്നാണ് പൊലീസ് നിഗമനം.
മെയ് നാലിന് ഛത്രസാൽ സ്റ്റേഡിയത്തിൽ സാഗർ റാണയെയും സോനുവിനെയും മർദ്ദിക്കുന്നതിന് സുശീലിന് മറ്റൊരു കൊടും കുറ്റവാളിയായ നീരജ് ബവാന സംഘത്തിന്റെ പിന്തുണയും ലഭിച്ചിരുന്നു. സംഭവസ്ഥലത്തു നിന്ന് കണ്ടെത്തിയ ഒരു സ്കോർപിയോ കാർ ബവാനയുടെ ബന്ധുവിന്റേതാണെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, ഡൽഹിയിലും പരിസരങ്ങളിലും പലിശക്ക് പണം കൊടുക്കുന്ന ഗുണ്ടാ സംഘങ്ങൾ പണം തിരിച്ചു നൽകാത്തവരെ ഭീഷണിപ്പെടുത്താനായി ഗുസ്തി താരങ്ങളുടെ സഹായം തേടിയിരുന്നതായും പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്.
Story Highlights: Wrestler-criminal nexus reason behind Sushil Kumar’s involvement in Sagar Rana murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here