നാരദ കൈക്കൂലിക്കേസ്; തൃണമൂൽ നേതാക്കളുടെ വീട്ടുതടങ്കൽ റദ്ദാക്കണമെന്ന ഹർജി പിൻവലിച്ച് സിബിഐ

നാരദ കൈക്കൂലിക്കേസിൽ തൃണമൂൽ നേതാക്കളുടെ വീട്ടുതടങ്കൽ റദ്ദാക്കണമെന്ന സുപ്രിംകോടതിയിലെ ഹർജി പിൻവലിച്ച് സിബിഐ. അനുവദിച്ച സ്വാതന്ത്ര്യം തിരിച്ചെടുക്കാൻ പ്രത്യേക ബെഞ്ചിനെ ഉപയോഗിക്കുന്നത് ഇതാദ്യമായാണ് കാണുന്നതെന്ന സുപ്രിംകോടതി പരാമർശങ്ങൾക്ക് പിന്നാലെയാണ് പിന്മാറ്റം.
സിബിഐ പ്രത്യേക കോടതി നൽകിയ ജാമ്യം ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് അർധരാത്രിയിൽ സ്റ്റേ ചെയ്തത് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് വിനീത് ശരൺ അധ്യക്ഷനായ ബെഞ്ച് വിമർശനമുന്നയിച്ചത്. മുഖ്യമന്ത്രി മമത ബാനർജിയും, നിയമ മന്ത്രി മോലൊയ് ഘട്ടക്കും പ്രതിഷേധിച്ചതിന് നാരദക്കേസിലെ പ്രതികൾ എന്തിന് ബുദ്ധിമുട്ടണമെന്ന് സുപ്രിംകോടതി ആരാഞ്ഞു. ധർണകളെ അംഗീകരിക്കുന്നില്ല. നിയമം കൈയിലെടുത്തവർക്കെതിരെ നിയമപരമായ നടപടിയെടുക്കാൻ കഴിയുമല്ലോയെന്നും കോടതി നിരീക്ഷിച്ചു. കേസ് കൊൽക്കത്ത ഹൈക്കോടതിയിൽ നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റണമെന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ആവശ്യവും അംഗീകരിച്ചില്ല. ജഡ്ജിമാരുടെ മനോവീര്യം കെടുത്താനില്ലെന്ന് ജസ്റ്റിസ് ബിആർ ഗവായ് നിലപാട് വ്യക്തമാക്കി. തൃണമൂൽ നേതാക്കളുടെ ജാമ്യാപേക്ഷയിൽ സിബിഐ അടക്കം എല്ലാ കക്ഷികൾക്കും തങ്ങളുടെ നിലപാട് കൊൽക്കത്ത ഹൈക്കോടതിയെ അറിയിക്കാമെന്നും കൂട്ടിച്ചേർത്തു.
അന്തിമ തീരുമാനമെടുക്കും വരെ നാല് നേതാക്കളെയും വീട്ടുതടങ്കലിൽ പാർപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മന്ത്രിമാരായ ഫിർഹദ് ഹക്കീം, സുബ്രത മുഖർജി, എംഎൽഎ മദൻ മിത്ര, മുൻ കൊൽക്കത്ത മേയർ സോവൻ ചാറ്റർജി എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.
Story Highlights: House arrest of TMC leaders in Narada case: CBI withdraws appeal from SC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here