കൊവിഡ് ബാധിച്ച മിൽഖ സിംഗിന്റെ ആരോഗ്യനിലയിൽ പുരോഗതി

കൊവിഡ് ബാധിച്ച സ്പ്രിൻ്റ് ഇതിഹാസം മിൽഖ സിംഗിൻ്റെ ആരോഗ്യനിലയിൽ പുരോഗതി. ആശുപത്രി അധികൃതർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ചയാണ് മിൽഖ സിംഗിനെ മൊഹാലി ഫോർടിസ് ആശുപത്രിയിലെ ഐസിയു വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ബുധനാഴ്ചയാണ് 91കാരനായ മിൽഖ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് അദ്ദേഹം ഹോം ഐസൊലേഷനിൽ ആയിരുന്നു. എന്നാൽ രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയുകയും നേരിയ തോതിൽ ന്യൂമോണിയ ബാധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുൻകരുതലിന്റെ ഭാഗമായാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മകൻ ജീവ് അറിയിച്ചു.
അതേസമയം, ഇന്ത്യയിൽ പ്രതിദിന കൊവിഡ് കേസുകൾ കുറയുകയാണ്. 1.96 ലക്ഷം കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ 14ന് ശേഷം പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഇത്രയധികം കുറവ് രേഖപ്പെടുത്തുന്നത് ഇതാദ്യമാണ്. 3,511 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്.
മഹാരാഷ്ട്ര, കേരള, കർണാടക, തമിഴ് നാട്, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്. മഹാരാഷ്ട്രയിൽ 22,122 കൊവിഡ് കേസുകളും 592 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. കർണാടകയിൽ 25,311 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. ബംഗളൂരുവിൽ മാത്രം 5,701 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
Story Highlights: Milkha Singh Clinically Stable
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here