കാപെർനോമിലെ സെയ്ൻ മാർവൽ സിനിമയിൽ; ‘എറ്റേണൽസ്’ ടീസർ വൈറൽ
‘കാപർനോം’ എന്ന സിനിമയും അതിലെ കഥാപാത്രങ്ങളും സിനിമാപ്രേമികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ബെയ്റൂട്ടിലെ ചേരിയിൽ താമസിക്കുന്ന സെയ്ൻ അൽ ഹജ്ജ് എന്ന 12 വയസ്സുകാരൻ്റെ സംഭവബഹുലമായ ജീവിതം പറഞ്ഞ കാപർനോം അഭ്യാർത്ഥി ജീവിതത്തിനപ്പുറം ചില ജീവിത സത്യങ്ങൾ കൂടിയാണ് പങ്കുവച്ചത്. വിവിധ ചലച്ചിത്ര മേളകളിൽ വ്യത്യസ്ത പുരസ്കാരങ്ങൾ നേടിയ ചിത്രം മികച്ച ഇതരഭാഷാ ചിത്രമെന്ന വിഭാഗത്തിൽ ഓസ്കറിനും നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. ലബനീസ് സംവിധായിക നദീൻ ലബാക്കി അണിയിച്ചൊരുക്കിയ കാപർനോമിനൊപ്പം സിനിമയിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച സെയ്ൻ അൽ റഫീഅ എന്ന ബാലനും സിനിമാപ്രേമികളുടെ ഇഷ്ടം പിടിച്ചുപറ്റി. കാപർനോമിനു ശേഷം സെയ്ൻ ചെയ്യുന്ന സിനിമയെപ്പറ്റി ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. ആ കാത്തിരിപ്പിന് ഇപ്പോൾ അവസാനമായിരിക്കുകയാണ്.
വമ്പൻ പ്രൊജക്ടിലാണ് സെയ്ൻ ഇപ്പോൾ പങ്കായിരിക്കുന്നത്. മാർവൽ സ്റ്റുഡിയോസിൻ്റെ സൂപ്പർ ഹീറോ സിനിമ എറ്റേണൽസിലാണ് ഈ 16കാരൻ വേഷമിടുന്നത്. സെയ്ൻ്റെ വേഷം എന്താണെന്ന് മാർവൽ വ്യക്തമാക്കിയിട്ടില്ലെങ്കിലും ചിത്രത്തിനേതായി കഴിഞ്ഞ ദിവസം പുറത്തുവന്ന ടീസറിൽ സെയ്നെ കാണാം. ഏതാനും സെക്കൻഡുകൾ മാത്രമാണ് സെയ്ൻ ടീസറിൽ ഉള്ളതെങ്കിലും മികച്ച വേഷം തന്നെയാവുമെന്നാണ് സിനിമാപ്രേമികൾ പ്രതീക്ഷിക്കുന്നത്.
മാർവൽ സ്റ്റുഡിയോസ് അണിയിച്ചൊരുക്കുന്ന ചിത്രമാണ് എറ്റേണൽസ്. എംസിയുവിൻ്റെ 26ആമത് ചിത്രമാണ് എറ്റേണൽസ്. പതിവ് അമേരിക്കൻ സൂപ്പർ ഹീറോകൾക്ക് പകരം ഏഷ്യൻ സൂപ്പർ ഹീറോകളാണ് ചിത്രത്തിൽ കൂടുതലുള്ളത്. പ്രശസ്ത കൊറിയൻ നടൻ ഡോൺ ലീ, പാക് അമേരിക്കൻ നടൻ കുമൈൽ നഞ്ജിയാനി, ബോളിവുഡ് നടൻ ഹരീഷ് പട്ടേൽ തുടങ്ങിയവരൊക്കെ ചിത്രത്തിൽ വേഷമിടുന്നു. ഇവർക്കൊപ്പം ആഞ്ജലീന ജൂലി, സല്മ ഹയേക് തുടങ്ങിയവരും അഭിനയിക്കും. ക്ലോയി ഴാവോ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.
Story Highlights: Zain Al Rafeea in marvel’s eternals teaser out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here