ബാലൻപിള്ള സിറ്റിയുടെ പേരിന് കാരണക്കാരന് വിട; അന്ത്യം വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന്

പേരിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായ സ്ഥലമാണ് ഇടുക്കിയിലെ നെടുങ്കണ്ടത്തിനടുത്തെ ബാലൻപിള്ള സിറ്റി. ആ സ്ഥലത്തിന് ഈ പേര് ലഭിക്കാൻ കാരണക്കാരനായ ബാലൻപിള്ള വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ഇന്ന് രാവിലെ അന്തരിച്ചു. ആലപ്പുഴയിലെ മകളുടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ഒരിക്കലും ആരാലും മറക്കപ്പെടാൻ കഴിയാത്ത തരത്തിൽ സ്വന്തം പേര് അടയാളപ്പെടുത്തിയിട്ടാണ് 96-ക്കാരനായ ബാലൻപിള്ള വിടവാങ്ങിയത്.
പൊതുവെ കൗതുകപരമായ പേരുകൾ കൊണ്ട് സമ്പന്നമാണ് ഇടുക്കി ജില്ലാ, എന്നാൽ കൂട്ടത്തിൽ ഏറ്റവും പെരുമ ബാലൻപിള്ള സിറ്റിയ്ക്കായിരുന്നു. ആ മേഖലയിലെ ആദ്യ കുടിയേറ്റക്കാരനായിരുന്നു ബാലൻപിള്ള, 1957 ൽ ആലപ്പുഴയിൽ നിന്ന് ഹൈറേഞ്ചിലെത്തിയ ബാലൻപിള്ള അവിടെ ഒരു ചായക്കട തുടങ്ങി, അതിനെ ചുറ്റിപ്പറ്റിയാണ് പിന്നീട് ആ നാട് വളർന്നത്. മൂന്ന് പതിറ്റാണ്ടിൻറെ ഹൈറേഞ്ച് ജീവിതത്തിന് ശേഷം 1988 ൽ ബാലന്പിള്ള ആലപ്പുഴയിലേക്ക് മടങ്ങി. അവിടുത്തെ ആദ്യ കുടിയേറ്റക്കാരാനായ ബാലൻപിള്ളയുടെ പേരിലാണ് പിന്നീട ആ നാട് അറിയപ്പെട്ടത്.
എന്നാൽ ഇടയ്ക്കൊക്കെ തന്റെ പേരിലുള്ള ഈ നാട്ടിലേക്ക് വരുമായിരുന്നു. ഏറ്റവും ഒടുവിൽ വന്നത് നാല് കൊല്ലം മുമ്പ് രാമക്കൽമേട് ഫെസ്റ്റിന്റെ ഭാഗമായി നാട് നൽകിയ ആദരമേറ്റുവാങ്ങാൻ. ലാൽ ജോസിന്റെ എൽസമ്മയെന്ന ആണ്കുട്ടി എന്ന ചിത്രത്തിൽ ജനാർദ്ദനന്റെ കഥാപാത്രത്തിനും സ്ഥലത്തിനും പ്രചോദനമായതും ബാലൻപിള്ളയും അദ്ദേഹത്തിൻറെ പേരിലുള്ള സിറ്റിയുമായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here