ഒരാഴ്ചയിലധികം ഉറങ്ങാൻ കഴിഞ്ഞില്ല, എന്നിട്ടാണ് ഐപിഎൽ നിർത്തി മടങ്ങിയത്: ആർ അശ്വിൻ

വീട്ടുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തനിക്ക് ഐപിഎലിനിടെ ഒരാഴ്ചയിലധികം ഉറങ്ങാൻ കഴിഞ്ഞില്ലെന്ന് ഡൽഹി ക്യാപിറ്റൽസ് താരം ആർ അശ്വിൻ. പിന്നീടാണ് താൻ ഐപിഎൽ നിർത്തി മടങ്ങിയതെന്ന് അശ്വിൻ വ്യക്തമാക്കി. തൻ്റെ യൂട്യൂബ് ചാനലിലാണ് അശ്വിൻ മനസ്സുതുറന്നത്.
8-9 ദിവസങ്ങളോളം തനിക്ക് ഉറങ്ങാൻ സാധിച്ചില്ല. അതെനിക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടാക്കി. ഉറക്കമില്ലാതെയാണ് മത്സരങ്ങൾ കളിച്ചിരുന്നത്. അത് തനിക്ക് വലിയ ബുദ്ധിമുട്ടാക്കി. തുടർന്നാണ് ഐപിഎൽ നിർത്താൻ തീരുമാനിച്ചത് എന്നും അശ്വിൻ പറഞ്ഞു.
കൊവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച ഐപിഎൽ പുനരാരംഭിച്ചാൽ ഓസ്ട്രേലിയൻ താരങ്ങൾ പങ്കെടുക്കില്ലെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയിരുന്നു. നേരത്തെ ഷെഡ്യൂൾ ചെയ്ത രാജ്യാന്തര മത്സരങ്ങളുള്ളതിനാലാണ് ഓസ്ട്രേലിയൻ താരങ്ങൾ ഐപിഎല്ലിൽ പങ്കെടുക്കില്ലെന്ന് ഓസ്ട്രേലിയൻ ബോർഡ് വ്യക്തമാക്കിയത്.
വിൻഡീസ് പരമ്പരയ്ക്ക് ശേഷം ബംഗ്ലാദേശ് പര്യടനം, തുടർന്ന് ഐപിഎൽ, ടി20 ലോകകപ്പ് എല്ലാം അടുത്തടുത്താണ് ഷെഡ്യൂൾ ചെയ്യപ്പെട്ടിരിക്കുന്നത്. ഈ കാരണങ്ങൾ മുൻനിർത്തിയാണ് താരങ്ങൾ ഐപിഎല്ലിൽ നിന്ന് വിട്ട് നിന്നേക്കുമെന്ന സൂചന നൽകുന്നത്.
സെപ്തംബർ-ഒക്ടോബർ മാസങ്ങളിലായാണ് ഐപിഎൽ പുനരാരംഭിക്കാൻ ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. 31 മത്സരങ്ങളാണ് ഇനി ഈ സീസണിൽ ബാക്കിയുള്ളത്. അതേസമയം, പേസർ പാറ്റ് കമ്മിൻസ്, ഓപ്പണർ ഡേവിഡ് വാർണർ എന്നിവർക്ക് വിൻഡീസ് പരമ്പരയിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്.
Story Highlights: couldn’t sleep for 8-9 days while I was playing: Ashwin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here