ഇന്ത്യയിലെ സമ്പന്നനായ ക്രിക്കറ്റ് താരം ധോണിയോ കോലിയോ അല്ല; ക്രിക്കറ്റ് ദൈവം ഒന്നാമൻ

ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള കായികമാണ് ക്രിക്കറ്റ്. ചെറു മൈതാനം മുതൽ വീട്ട് ടെറസിൽ വരെ ക്രിക്കറ്റ് കളിക്കുന്നവരാണ് നമ്മൾ. ഓരോ താരങ്ങളെയും നെഞ്ചോട് ചേർത്ത് ആരാധിക്കുകയും, അവരെ പോലെ ആവണമെന്ന് ആഗ്രഹിക്കുന്നവരും ഏറെയാണ്. എന്നാൽ നമ്മെ അത്ഭുതപ്പെടുത്തുന്ന മറ്റൊന്ന് കൂടിയുണ്ട്. താരങ്ങൾക്ക് ലഭിക്കുന്ന പ്രതിഫലം.
കളി മാത്രമല്ല, പരസ്യമായും, ക്രിക്കറ്റ് ഇതര കരാറുകളിലൂടെയും പണമേറെ സമ്പാദിക്കുന്നവരാണ് ഇന്ത്യൻ കായിക ലോകത്തെ താരരാജാക്കന്മാരായ ക്രിക്കറ്റർമാർ. ഒപ്പം ടെസ്റ്റിലും ഏകദിനത്തിലും രാജ്യാന്തര ടൂർണമെൻറുകളിലും പിന്നെ ആഭ്യന്തര ക്രിക്കറ്റിലും പാഡണിഞ്ഞാൽ ബി.സി.സി.ഐ നൽകുക മോഹിപ്പിക്കുന്ന തുകയും.
അപ്പോൾ ഒരു ചോദ്യം ഉയരും, ഏറ്റവും സമ്പന്നനായ ക്രിക്കറ്റർ ആരാണെന്ന്. ഇതിന് ഉത്തരമായി ആദ്യമെത്തുക നിലവിലെ നായകൻ കോലി അല്ലെങ്കിൽ ധോണി. വാസ്തവത്തിൽ ഇവർ രണ്ട് പെരുമല്ല. ഇന്ത്യയിലെ അതിസമ്പന്നരായ അഞ്ചു ക്രിക്കറ്റർമാരെ പരിചയപ്പെടാം.
- സചിൻ ടെണ്ടുൽക്കർ: സച്ചിൻ ഇല്ലാതെ എന്ത് ക്രിക്കറ്റ്. ലോകം കീഴടക്കിയ ഈ ഇന്ത്യൻ ക്രിക്കറ്ററിൽ നിന്നേ രാജ്യത്ത് ക്രിക്കറ്റ് എന്ന കളിയെ നാം സങ്കൽപിച്ചു തുടങ്ങൂ. വിരമിച്ച് വർഷങ്ങളായെങ്കിലും ഇപ്പോഴും നിരവധി പരസ്യങ്ങളിൽ അഭിനയിക്കുന്ന ടെണ്ടുൽക്കറുടെ സമ്പാദ്യം 1000 കോടിയോ അതിലേറെയോ വരും.
- മഹേന്ദ്ര സിങ് ധോണി: ലോകത്ത് രണ്ടാമത്തെ ഏറ്റവും വലിയ സമ്പന്നൻ ദേശീയ ടീമിന്റെ മുൻ നായകനായ ധോണി തന്നെ. 767 കോടിയാണ് ക്യാപ്റ്റൻ കൂളിന്റെ സമ്പാദ്യം.
- വിരാട് കോലി: ഇന്ത്യൻ ടീം നായകനായ വിരാട് കോലിയുണ്ട് മൂന്നാം സ്ഥാനത്ത് – ആസ്തി 638 കോടി. സ്വന്തമായി ഫാഷൻ ബ്രാൻഡുകൾ വരെ കോലിക്കുണ്ട്.
- വിരേന്ദർ സെവാഗ്: ദേശീയ ടീമിൽ നിന്ന് എന്നേ പുറത്തായെങ്കിലും സമ്പന്നരിൽ നാലാമനായി ഡൽഹിക്കാരൻ സെവാഗുണ്ട്- 277 കോടിയാണ് സമ്പാദ്യം.
- യുവരാജ് സിങ്: ഒരോവറിൽ മുഴുവൻ സിക്‌സ് പറത്താൻ മാത്രം അല്ല സമ്പാദിക്കാനും യൂവിക്കറിയാം. ആസ്തി 245 കോടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here