ടോൾ പ്ലാസയിലെ സേവന സമയം ഒരു വാഹനത്തിന് 10 സെക്കന്റിൽ കൂടരുതെന്ന് നാഷണൽ ഹൈവേ അതോറിറ്റി

ടോൾ പ്ലാസകളിൽ കുറഞ്ഞ കാത്തിരിപ്പ് സമയം ഉറപ്പാക്കുന്നതിന്, ദേശീയപാതകളിലെ തിരക്കേറിയ സമയങ്ങളിൽ പോലും ഒരു വാഹനത്തിന് 10 സെക്കന്റിൽ കൂടാത്ത സേവന സമയം ഉറപ്പാക്കാൻ കേന്ദ്രം മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച നിർദേശം നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കിയത്.
ടോൾ പ്ലാസകളിൽ 100 മീറ്ററിൽ കൂടുതൽ ദൈർഘ്യത്തിൽ വാഹനങ്ങളുടെ നിര ഉണ്ടാകരുത്. ടോൾ ബൂത്തിൽ നിന്നും 100 മീറ്ററിൽ കൂടുതൽ നീളത്തിൽ വാഹനങ്ങളുണ്ടെങ്കിൽ ടോൾ അടക്കാതെ വാഹനങ്ങളെ കടത്തിവിടണമെന്ന നിയമം നിലവിലുണ്ട്. വാഹനങ്ങൾക്ക് ഇത് തിരിച്ചറിയാനായി ടോൾ ബുത്തിൽ നിന്നും 100 മീറ്റർ ദൂരത്തിൽ മഞ്ഞ നിറത്തിൽ വര രേഖപ്പെടുത്തണമെന്നും നാഷണൽ അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ടോൾ പ്ലാസകളിലെ വാഹനകുരുക്ക് കുറക്കുന്നതിനും സുഗമവും വേഗമേറിയതുമായ യാത്ര ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് അതോറിറ്റി മാർഗ നിർദേശങ്ങൾ പുറത്തിറക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here