ഉത്തർപ്രദേശിൽ വ്യാജ മദ്യ ദുരന്തം: 15 പേർ മരിച്ചു; 16 പേർ ആശുപത്രിയിൽ

ഉത്തർപ്രദേശിലെ അലിഗഡില്‍ വ്യാജ മദ്യം കഴിച്ച് 15 പേർ മരിച്ചു, 16 പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ബാറുടമയുൾപ്പെടെ നാല് പേര് പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. അധികൃതർ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ ജില്ലാ മജിസ്‌ട്രേറ്റ് പ്രഖ്യാപിച്ചു. വ്യാജ മദ്യം വിറ്റ ബാർ അടച്ചുപൂട്ടിയെന്നും, പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചെന്നും അധികൃതർ അറിയിച്ചു. അറസ്‌റ്റിലായ ബാറുടമയേയും സഹായികളേയും പോലീസ് ചോദ്യം ചെയ്ത് വരികെയാണ്.
വ്യാഴ്ചയോടെയാണ് ബാറില്‍ നിന്നും മദ്യം കഴിച്ചവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടുതുടങ്ങിയത്. സമീപ ഗ്രാമങ്ങളിൽ നിന്നുള്ള നിരവധി പേരും മദ്യം കഴിച്ചിരുന്നു. ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഉത്തര്‍ പ്രദേശില്‍ വ്യാജമദ്യ റാക്കറ്റ് ശക്തമായിരിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് ഗോരംഗ് ദേവ് ചൌഹാന്‍ ആരോപിച്ചു.
ലോക്ക്ഡൗൺ സമയത്ത് കടകളും മറ്റ് സുപ്രധാന വാണിജ്യ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. അപ്പോഴും മദ്യവിൽപ്പനയ്ക്ക് ഇളവ് ലഭിക്കുന്നത് വിരോധാഭാസമാണ്. സംസ്ഥാനത്തെ എല്ലാ മദ്യവിൽപ്പന ശാലകളും അടച്ചിടണം. യോഗി സര്‍ക്കാരിന്‍റെ തെറ്റായ നയങ്ങളാണ് വ്യാജമദ്യലോബി സംസ്ഥാനത്ത് ശക്തമാകാന്‍ കാരണമെന്നും ഗോരംഗ് ദേവ് ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here