സ്റ്റിമാച്ചിന്റെ കരാർ നീട്ടി ഫുട്ബോൾ ഫെഡറേഷൻ

ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ ഇഗോർ സ്റ്റിമാച്ചിൻ്റെ കരാർ നീട്ടി ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷൻ. ഈ വർഷം സെപ്തംബർ വരെയാണ് സ്റ്റിമാച്ചിന് കരാർ നീട്ടിനൽകിയത്. അതേസമയം, കരാർ അവസാനിച്ച ഐസക് ദോരുവിനു പകരം സാവിയോ മെദീരയെ ഇടക്കാല ടെക്നിക്കൽ ഡയറക്ടറായി നിയമിച്ചു.
എഐഎഫ്എഫ് ടെക്നിക്കൽ കമ്മറ്റിയുടെ വിർച്വൽ മീറ്റിംഗിലാണ് തീരുമാനം. അംഗങ്ങളെല്ലാവരും ഒറ്റക്കെട്ടായി സ്റ്റിമാച്ചിൻ്റെ കരാർ നീട്ടാൻ തീരുമാനിക്കുകയായിരുന്നു എന്ന് എഐഎഫ്എഫ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. 2019 മെയിൽ, രണ്ട് വർഷത്തെ കരാറിലാണ് സ്റ്റിമാചിനെ ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനായി നിയമിച്ചത്.
ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ കളിക്കാനായി ഇന്ത്യൻ ടീം ഇപ്പോൾ ദോഹയിലാണ്. ജൂൺ മൂന്നിന് ഖത്തറിനെ നേരിടുന്ന ഇന്ത്യ ഏഴിന് ബംഗ്ലാദേശുമായി കളിക്കും. 15ന് അഫ്ഗാനിസ്ഥാനെതിരെയും ഇന്ത്യക്ക് മത്സരമുണ്ട്. ദോഹയിലെ ജസിം ബിൻ ഹമാദ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.
28 അംഗ ടീമിൽ എഫ്സി ഗോവയുടെ മധ്യനിര താരം ഗ്ലാൻ മാർട്ടിൻസ് മാത്രമാണ് പുതുമുഖ താരം. മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദും ആഷിഖ് കുരുണിയനും ടീമിലുണ്ട്. രാഹുൽ കെപി പുറത്തായി. ഗുർപ്രീതിനൊപ്പം അമരീന്ദർ സിംഗും ധീരജ് സിംഗുമാണ് ഗോൾകീപ്പർമാരായി ഉള്ളത്. സുനിൽ ഛേത്രി, മൻവീർ സിംഗ്, ഇഷാൻ പണ്ഡിറ്റ എന്നിവരാണ് മുന്നേറ്റനിരയിലുള്ളത്.
Story Highlights: Igor Stimac’s Tenure As Indian Football Coach Extended
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here