ബാഡ്ജ് വിവാദം : കെ കെ രമക്കെതിരെ നടപടി ഉണ്ടാകില്ല

ബാഡ്ജ് വിവാദത്തിൽ വടകര എംഎൽഎ കെ കെ രമക്കെതിരെ നടപടി ഉണ്ടാകില്ല. ചട്ടലംഘനം ഉണ്ടെങ്കിലും പുതിയ അംഗം എന്ന നിലയിൽ നടപടി വേണ്ടെന്നാണ് തീരുമാനമെന്ന് സ്പീക്കർ എം.ബി രാജേഷ് അറിയിച്ചു.
മരിച്ച ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ പടം ആലേഖനം ചെയ്ത ബാഡ്ജ് ധരിച്ച് കെ.കെ രമ സത്യപ്രതിജ്ഞ ചെയ്തത് വിവാദമായിരുന്നു. കെ കെ രമക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്പീക്കർക്ക് പരാതിയും ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ കെ കെ രമയുടെ സത്യപ്രതിജ്ഞ ചട്ടലംഘനമാണോ എന്ന് പരിശോധിക്കുമെന്ന് സ്പീക്കർ അറിയിച്ചിരുന്നു. തുടർന്നാണ് നിലവിലെ തീരുമാനം.
തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം, സഭയില്‍ ടി പിയുടെ ശബ്ദം മുഴങ്ങുമെന്ന് കെ കെ രമ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സത്യപ്രതിജ്ഞയ്ക്ക് പാര്‍ട്ടി സ്ഥാപകനും ഭര്‍ത്താവുമായ ടിപി ചന്ദ്രശേഖരന്‍റെ ചിത്രമുള്ള ബാഡ്ജ് അണിഞ്ഞ് കെ.കെ രമ എത്തിയത്. ജയിച്ചത് സഖാവ് ടിപിയാണ്, അദ്ദേഹമാണ് നിയമസഭയിലുള്ളത്. അദ്ദേഹം മുന്നോട്ട് വെച്ച രാഷ്ട്രീയം ഇല്ലാതാക്കാനാണ് അദ്ദേഹത്തെ അവസാനിപ്പിച്ചത്. അങ്ങനെയുള്ള കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള സന്ദേശം നല്‍കാനാണ് ഈ ബാഡ്ജ് ധരിച്ചു വന്നതെന്നും സത്യപ്രതിജ്ഞാ ദിവസം കെ.കെ രമ പറഞ്ഞിരുന്നു. നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് ആര്‍എംപിയുടെ തീരുമാനം.
Story Highlights: no action against KK Rema on badge controversy