മനുഷ്യാവകാശ പ്രവർത്തകനും വൈദികനുമായ സ്റ്റാൻ സ്വാമിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഭീമ-കൊറെഗാവ് കേസുമായി ബന്ധപ്പെട്ട് തലോജ ജയിലിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകനും വൈദികനുമായ സ്റ്റാൻ സ്വാമിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ ബോംബെ ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ സ്റ്റാൻ സ്വാമിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
സ്റ്റാൻ സ്വാമിയുടെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് അടിയന്തര സാഹചര്യത്തിൽ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അഭിഭാഷകൻ സമർപ്പിച്ച ഹരജിയിലായിരുന്നു കോടതി ഉത്തരവ്. 15 ദിവസത്തെ ചികിത്സയ്ക്കായി സബർബൻ ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയിലേക്ക് മാറ്റാനാണ് കോടതി മഹാരാഷ്ട്ര സർക്കാരിന് നിർദേശം നൽകിയത്.
84 കാരനായ സ്റ്റാൻ സ്വാമിക്ക് ആരെയും തിരിച്ചറിയാൻ ആവുന്നില്ലെന്നും ഓക്സിജൻ സഹായത്തോടെയാണ് കഴിയുന്നതെന്നും ബെംഗളൂരു ആസ്ഥാനമായ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജോ സേവ്യർ പറഞ്ഞിരുന്നു.
ഭീമ-കൊറെഗാവ് കേസുമായി ബന്ധപ്പെട്ട് 2020 ഒക്ടോബർ 9 ന് റാഞ്ചിയിൽ നിന്നുമാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here