കൊവിഡ് നിയന്ത്രണം; യുപിയിൽ ആക്ടീവ് കേസ് കുറവുള്ള ജില്ലകൾക്ക് ഇളവ്

ഉത്തർപ്രദേശിൽ ജൂൺ ഒന്ന് മുതൽ കൊവിഡ് നിയന്ത്രണത്തിൽ ഇളവ്. 600 ൽ താഴെ ആക്ടീവ് കേസുകളുള്ള ജില്ലകളിലാണ് ഇളവ് വരുത്തുക. ലഖ്നൗ, നോയിഡ, ഗാസിയാബാദ് തുടങ്ങിയ വലിയ നഗരങ്ങളിൽ നിലവിലെ നിയന്ത്രണം തുടരും.
സർക്കാർ വിജ്ഞാപന പ്രകാരം, 600 ൽ താഴെ കേസുകൾ ഉള്ള ജില്ലകളിൽ, മാർക്കറ്റുകൾ രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ തുറക്കാം. എന്നാൽ വാരാന്ത്യ കർഫ്യൂ തുടരും. ഇളവുകളുടെ പേരിൽ പ്രോട്ടോകാൾ ലംഘനം ഉണ്ടാവരുതെന്നും സർക്കാർ ആവശ്യപ്പെട്ടു. ലംഘനം കണ്ടെത്തിയാൽ കടുത്ത നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
മുൻനിര പ്രവർത്തകരായ വകുപ്പുകൾക്ക് മുഴുവൻ ജോലിക്കാരുമായും, മാറ്റ് സർക്കാർ വകുപ്പുകളോട് 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാൻ നിർദ്ദേശം നൽകി. സ്വകാര്യ ഓഫീസുകളും വ്യവസായ യൂണിറ്റുകളും തുറക്കാൻ അനുമതിയുണ്ട്. സ്വകാര്യ ഓഫീസുകൾ, വ്യാവസായിക യൂണിറ്റുകൾ, വിമാനത്താവളം, റെയിൽവേ സ്റ്റേഷനുകൾ, ബസ് ടെർമിനലുകൾ, പച്ചക്കറി വിപണികൾ എന്നിവിടങ്ങളിൽ ഇൻഫ്രാറെഡ് തെർമോമീറ്ററുകൾ, പൾസ് ഓക്‌സിമീറ്ററുകൾ, ഹാൻഡ് സാനിറ്റൈസറുകൾ സജ്ജീകരിക്കണമെന്നും അറിയിപ്പിൽ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here