Advertisement

ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം: മന്ത്രി വീണ ജോർജ്

May 30, 2021
Google News 0 minutes Read

മഴക്കാലത്ത് ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. മഴക്കാലത്ത് ശുദ്ധജലത്തോടൊപ്പം മലിനജലം കലരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ജലജന്യ രോഗങ്ങളായ വയറിളക്കരോഗങ്ങൾ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, കോളറ തുടങ്ങിയവ പടർന്നുപിടിക്കാൻ സാധ്യതയുണ്ട്. വേനൽക്കാലത്തും തുടർന്ന് വരുന്ന മഴക്കാലത്തുമാണ് വയറിളക്ക രോഗങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകി.

ശുദ്ധമായ ജലം കുടിക്കുക മാത്രമാണ് രോഗ പ്രതിരോധത്തിനുള്ള പ്രധാനപ്പെട്ട മാർഗം. കൊവിഡ് കാലത്ത് ജലജന്യ രോഗങ്ങൾ പടരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ആരോഗ്യ വകുപ്പ് നൽകുന്ന മാർഗനിർദേശങ്ങൾ എല്ലാവരും കൃത്യമായി പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

വയറിളക്ക രോഗങ്ങൾ ഏറെ അപകടകരം

വയറിളക്ക രോഗങ്ങൾ ശരീരത്തിലെ ജലാംശവും പോഷകാംശവും ധാതുലവണങ്ങളും നഷ്ടപ്പെടുത്തുന്നു. നിർജലീകരണം സംഭവിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. യഥാസമയം ചികിത്സ ലഭിക്കാതിരുന്നാൽ രോഗിയുടെ ജീവന് തന്നെ ഭീഷണിയാകും. കുട്ടികളെ പ്രത്യേകിച്ചും ശ്രദ്ധിക്കേണ്ടതാണ്.

വയറിളക്കം: ശരീരത്തിലെ ജലാംശവും പോഷകഘടകങ്ങളും ധാതുലവണങ്ങളും അടങ്ങിയ മലം ദ്രവരൂപത്തിൽ അനിയന്ത്രിതമായി അയഞ്ഞുപോകുന്നതാണ് വയറിളക്കം.

വയറുകടി: മലം അയഞ്ഞു പോകുന്നത്തിനോടൊപ്പം രക്തവും കാണുന്നു.

കോളറ: തുടർച്ചയായി മലം കഞ്ഞിവെള്ളം പോലെ പോകുന്ന അവസ്ഥയാണ് കോളറ. ഛർദ്ദിയും കാണപ്പെടും. ഈ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ എത്രയും പെട്ടെന്ന് ചികിത്സ ലഭ്യമാക്കേണ്ടതാണ്.

പാനീയ ചികിത്സ ഏറെ ഫലപ്രദം

90 ശതമാനം വയറിളക്ക രോഗങ്ങളും വീട്ടിൽ നൽകുന്ന പാനീയ ചികിത്സ കൊണ്ട് ഭേദമാക്കാൻ കഴിയും. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, ഉപ്പും പഞ്ചസാരയും ചേർത്ത നാരങ്ങ വെള്ളം, ഉപ്പിട്ട മോരും വെള്ളം തുടങ്ങിയ ഗൃഹ പാനീയങ്ങൾ പാനീയ ചികിത്സയ്ക്ക് ഉപയോഗിക്കാവുന്നതാണ്. ഛർദിച്ചോ, വയറിളകിയോ പോയാലും വീണ്ടും പാനീയം നൽകേണ്ടതാണ്. പാനീയചികിത്സ കൊണ്ട് നിർജലീകരണവും അതുവഴിയുണ്ടാകുന്ന മരണങ്ങളും കുറയ്ക്കാൻ സാധിക്കുന്നു.

മറക്കല്ലേ ഒആർഎസ് ലായനി

ജലാംശ ലവണാംശ നഷ്ടം പരിഹരിക്കാൻ ഡോക്ടറുടെയോ ആരോഗ്യ പ്രവർത്തകരുടേയോ നിർദ്ദേശാനുസരണം കൃത്യമായ അളവിലും ഇടവേളകളിലും ഒആർഎസ് ലായനി കൊടുക്കേണ്ടതാണ്. രോഗിക്ക് ഛർദ്ദി ഉണ്ടെങ്കിൽ അൽപാൽപമായി ഒആർഎസ് ലായനി നൽകണം. അതോടൊപ്പം എളുപ്പം ദഹിക്കുന്ന ആഹാരങ്ങളായ കഞ്ഞി, പുഴുങ്ങിയ ഏത്തപ്പഴം എന്നിവയും നൽകേണ്ടതാണ്. ഒആർഎസ് പായ്ക്കറ്റുകൾ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലും ഉപകേന്ദ്രത്തിലും അങ്കണവാടികളിലും സൗജന്യമായി ലഭിക്കും. പാനീയ ചികിത്സ നടത്തിയിട്ടും രോഗലക്ഷണങ്ങൾക്ക് മാറ്റമില്ലെങ്കിൽ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ രോഗിയെ ഉടനെ എത്തിക്കണം.

ടൈഫോയ്ഡ്

ജലം, ഭക്ഷണം എന്നിവയിലൂടെ പകരുന്ന മറ്റൊരു രോഗമാണ് ടൈഫോയിഡ്. കഠിനമായ പനി, തലവേദന, നടുവേദന, മൂക്കിൽനിന്നും കണ്ണിൽനിന്നും വെള്ളം വരിക, ശരീരത്തിന് തളർച്ച, മലബന്ധം തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങൾ

മഞ്ഞപ്പിത്തം

വൈറസ് വിഭാഗത്തിൽപ്പെട്ട സൂക്ഷ്മ ജീവികളുണ്ടാക്കുന്ന രോഗമാണ് മഞ്ഞപ്പിത്തം. പനി, വിശപ്പില്ലായ്മ , ഓക്കാനം , ഛർദി , കണ്ണിനു മഞ്ഞനിറം, മൂത്രത്തിന് മഞ്ഞനിറം തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങൾ.

പ്രതിരോധ മാർഗങ്ങൾ

തുറസായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്താതിരിക്കുക. കൈകൾ ആഹാരത്തിനു മുമ്പും ടോയ്ലെറ്റിൽ പോയതിന് ശേഷവും സോപ്പുപയോഗിച്ച് നന്നായി കഴുകുക. കുടിവെള്ള സ്രോതസുകൾ, കിണർ, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകൾ തുടങ്ങിയവ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക. വൃക്തി ശുചിത്വത്തിനും ഗാർഹിക ആവശ്യങ്ങൾക്കും ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാനുപയോഗിക്കുക. പഴങ്ങളും പച്ചക്കറികളും പലപ്രാവശ്യം കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക. തണുത്തതും പഴകിയതുമായതും തുറന്നുവച്ചതുമായ ഭക്ഷണ പദാർത്ഥങ്ങൾ, കേടുവന്ന പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here