രാജ്യത്ത് 5 ജി വേണ്ട; റേഡിയേഷൻ മനുഷ്യർക്കും മൃഗങ്ങൾക്കും ദോഷം; ജൂഹി ചാവ്ള കോടതിയിൽ

രാജ്യത്ത് 5 ജി വയർലെസ് നെറ്റ്വർക്കുകൾ സ്ഥാപിക്കുന്നതിനെതിരെ നടിയും പരിസ്ഥിതി പ്രവർത്തകയുമായ ജൂഹി ചാവ്ള. ഡൽഹി ഹൈക്കോടതിയിലാണ് 5 ജി അപകടകരമാണെന്ന് കാണിച്ച് നടി ഹർജി നൽകിയത്.
5ജി നെറ്റ്വർക്ക് അനുവദിക്കുന്നത് മനുഷ്യർക്കും, മൃഗങ്ങൾക്കും മറ്റ് സസ്യങ്ങൾക്കും ആപത്താണെന്ന് ഹർജിയിൽ പറയുന്നു. സിംഗിൾ ബെഞ്ചിൽ വന്ന ഹർജി ഡിവിഷൻ ബെഞ്ചിലേക്ക് മാറ്റി. കേസിൽ ബുധനാഴ്ച വാദം കേൾക്കുമെന്ന് ഹൈക്കോടതി അറിയിച്ചു.
5 ജി ഡി.എൻ.എയ്ക്ക് ദോഷം ചെയ്യുമെന്നും ചെടികളിലെ ഘടനയിലും മാറ്റം വരുത്തുമെന്നും മനുഷ്യരിൽ ക്യാൻസർ, ഹൃദയാഘാതം, പ്രമേഹം എന്നിവ ഇതുമൂലം സംഭവിക്കുമെന്നും അവർ ആരോപിച്ചു. ദിവസത്തിൽ 24 മണിക്കൂറും, വർഷത്തിൽ 365 ദിവസവും ഇപ്പോൾ ഉള്ളതിനേക്കാൾ 10 മുതൽ 100 മടങ്ങ് വരെ റേഡിയേഷൻ ഉണ്ടാവുന്നത് ആപത്താണ്. എന്നാൽ താൻ മൊബൈൽ സാങ്കേതികവിദ്യയ്ക്ക് എതിരല്ലെന്നുമാണ് ഹർജിയിൽ പറയുന്നത്.
5 ജി സാങ്കേതികവിദ്യ പരീക്ഷണത്തിന് ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ എന്നിവയ്ക്ക് ആറ് മാസത്തേക്ക് ടെലകോം മന്ത്രാലയം അനുമതി നൽകിയത്. 4ജി സാങ്കേതിക വിദ്യയെക്കാൾ പത്തിരട്ടി വേഗത്തിലുളള ഡൗൺലോഡ് സ്പീഡും മൂന്നിരട്ടി കൃത്യതയമുളളതാണ് 5 ജി സാങ്കേതിക വിദ്യയെന്നാണ് ടെലകോം മന്ത്രാലയം നൽകുന്ന വിവരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here