14
Jun 2021
Monday

ആർഎസ്എസിന്റെ ക്രിസ്ത്യാനി സ്‌നേഹം കുറുക്കന് കോഴിയോടുള്ള സ്‌നേഹം പോലെ ; വിമർശിച്ച് എം എ ബേബി

ആർഎസ്എസിനെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. കേരള രാഷ്ട്രീയത്തിന്റെ പുറമ്പോക്കിൽ സ്ഥാനമുള്ള ആർഎസ്എസ് നടത്തുന്ന വർഗീയ വിഭജന ശ്രമം ക്രിസ്ത്യാനികൾക്കിടയിൽ നടക്കില്ലെന്ന് എംഎ ബേബി തുറന്നടിച്ചു.

ആർഎസ്എസുകാരുടെ ക്രിസ്ത്യാനി സ്‌നേഹം കുറുക്കന് കോഴിയോടുള്ള സ്‌നേഹം പോലെയാണ്. കേരളത്തിൽ അവരുടെ ഒരു ശ്രമവും വിജയിക്കില്ല. അത്തരമൊരു സാഹചര്യത്തിൽ എങ്ങനെ പിടിച്ചുനിൽക്കാം എന്ന ചിന്തയിൽ നിന്നാണ് കേരളത്തിലെ ക്രിസ്ത്യാനികളിൽ മുസ്ലിം വിരോധം കുത്തിവെച്ച് അവരെ പാട്ടിലാക്കാമോ എന്ന് ആർഎസ്എസ് ചിന്തിക്കുന്നതെന്ന് എംഎ ബേബി വിമർശിച്ചു. ക്രിസ്തുവിന്റെ സന്ദേശങ്ങളിലെ സ്‌നേഹം എല്ലാ വിഭാഗം മലയാളികളുടെയും മനസിലുണ്ട്. അതുകൊണ്ട് നാലഞ്ച് ക്രിസ്ത്യൻ വർഗീയവാദികളെ കണ്ട് ആർഎസ്എസ് മനപ്പായസമുണ്ണെണ്ട എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

നരേന്ദ്രമോദി ഇന്ത്യ ഭരിച്ചിട്ടും അവരുടെ മുന്നണിക്ക് മിക്ക മണ്ഡലങ്ങളിലും കെട്ടിവച്ച തുക പോലും കിട്ടിയില്ല. മതവിദ്വേഷം ഉണർത്തി വോട്ടുനേടാൻ ശ്രമിച്ച പിസി ജോർജിനെ പോലുള്ളവരും പരാജയപ്പെടുകയാണുണ്ടായത്.
പക്ഷേ, നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും. അതിനാൽ ക്രിസ്ത്യാനികളെ ആർ എസ് എസ് പക്ഷത്തു ചേർക്കാൻ നടത്തുന്ന ശ്രമങ്ങൾക്കെതിരെ എല്ലാ മതേതരവാദികളും കരുതലോടെ ഇരിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും എം എ ബേബി പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിൽ നിന്ന്;

ആർ എസ് എസ് മാലാഖാവേഷത്തിൽ വന്നാലും കാക്കി നിക്കറും പരമതവിദ്വേഷം ബലം നല്കുന്ന മുളവടിയും അവർക്ക് കാണാനാവും. നിങ്ങളുടെ പുസ്തകങ്ങളിൽ ക്രിസ്ത്യാനികളെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് എഴുതിയിരിക്കുന്നു എന്നു വായിച്ചു മനസ്സിലാക്കാൻ ശേഷിയുള്ള ക്രിസ്ത്യാനികൾ ഇപ്പോഴും ഈ നാട്ടിൽ ഉണ്ട്. നിലയ്ക്കൽ പ്രശ്‌നത്തിൻറെ കാലം മുതൽ കേരളത്തിലെ ക്രിസ്ത്യാനികളോട് ആർ എസ് എസ് എടുത്ത സമീപനവും ഈ മതവിശ്വാസികൾക്ക് അറിയാം. മറ്റു സംസ്ഥാനങ്ങളിൽ
ആർ എസ് എസ് ക്രിസ്തീയപുരോഹിതരോടും കന്യാസ്ത്രീകളോടും കാണിക്കുന്ന അക്രമവും ഇവിടെ എല്ലാവർക്കും നല്ലവണ്ണം അറിയാം. നഞ്ചെന്തിന് നന്നാഴി എന്നാണല്ലോ, വിരലിലെണ്ണാവുന്നവരാണെങ്കിലും ക്രിസ്ത്യൻ വർഗീയവാദവുമായി രംഗത്തുവന്നിട്ടുള്ള അപക്വമതികളെ ക്രിസ്തീയവിശ്വാസികൾ വീട്ടുമുറ്റത്തുപോലും കയറ്റില്ല എന്നെനിക്ക് ഉറപ്പുണ്ട്. വിദ്വേഷമല്ല, സ്‌നേഹമാണ് ക്രിസ്തു പഠിപ്പിച്ചത്. അപരനെ സ്‌നേഹിക്കാൻ. നാരായണഗുരു ചിന്തകൾ കേരളീയ മനസ്സിൽ നിറഞ്ഞിരിക്കുന്നതുപോലെ ക്രിസ്തുവിൻറെ സന്ദേശങ്ങളിലെ ഈ സ്‌നേഹവും എല്ലാ വിഭാഗം മലയാളികളുടെയും മനസ്സിനെ നിറച്ചതാണ്. അതുകൊണ്ട്
നാലഞ്ച് ക്രിസ്ത്യൻ വർഗീയവാദികളെക്കണ്ട് ആർ എസ് എസ് മനപ്പായസമുണ്ണണ്ട.
പക്ഷേ, നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങുമല്ലോ. അതിനാൽ ക്രിസ്ത്യാനികളെ ആർ എസ് എസ് പക്ഷത്തു ചേർക്കാൻ നടത്തുന്ന ശ്രമങ്ങൾക്കെതിരെ എല്ലാ മതേതരവാദികളും കരുതലോടെ ഇരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Story Highlights: MA Baby criticise rss

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top