Advertisement

സ്വദേശിവല്‍ക്കരണം; ഒമാനിലെ 2700 പ്രവാസി അധ്യാപകര്‍ക്ക് ജോലി നഷ്ടമാവും

May 31, 2021
Google News 1 minute Read

ഒമാനില്‍ നിലവില്‍ അധ്യാപകരായി ജോലി ചെയ്യുന്ന 2700ലേറെ പ്രവാസി അധ്യാപകര്‍ക്ക് ജോലി നഷ്ടമാവും. നിലവില്‍ ഒമാനിലെ വിവിധ ഹയര്‍ സെക്കന്ററി തലം വരെയുള്ള സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്കാണ് ജോലി നഷ്ടമാവുകയെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ പ്രവാസികള്‍ കൂടുതലായി ഉള്ള മേഖലകളിലൊന്നാണ് വിദ്യാഭ്യാസ മേഖല. പുതിയ അക്കാദമിക വര്‍ഷം തുടക്കം മുതല്‍ നിലവിലുള്ള പ്രവാസികളെ പിരിച്ചുവിട്ട് ഒമാന്‍ അധ്യാപകരെ നിയമിക്കാനാണ് പദ്ധതി.

വരുംദിനങ്ങളില്‍ കൂടുതല്‍ പ്രവാസി അധ്യാപകര്‍ക്ക് ജോലി നഷ്ടമാവുമെന്നും വിദ്യാഭ്യാസ മന്ത്രാലയം വക്താവ് അറിയിച്ചു. ഒമാനില്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ സ്വദേശികള്‍ക്കായി 32000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കഴിഞ്ഞ ദിവസം ഒമാന്‍ തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് സ്വദേശികള്‍ക്കിടയില്‍ തൊഴിലില്ലായ്മ രൂക്ഷമാവുകയും അവര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാവകുയും ചെയ്ത സാഹചര്യത്തിലാണ് സ്വദേശി വല്‍ക്കരണം വേഗത്തിലാക്കുന്നുതിനുള്ള നടപടികളുമായി ഒമാന്‍ ഭരണകൂടം മുന്നോട്ടുവന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങിയിരുന്നു. ഇതേത്തുടര്‍ന്ന് ഒമാന്‍ പ്രതിരോധ വിഭാഗങ്ങളില്‍ റിക്രൂട്ട്‌മെന്റ് നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.

ഒമാനിലെ ഇന്ത്യന്‍ അധ്യാപകരില്‍ കൂടുതല്‍ പേരും വനിതകളാണെന്നാണ് കണക്കുകള്‍. നാഷനല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്റെ കണക്കുകള്‍ പ്രകാരം ഒമാന്‍ സര്‍ക്കാര്‍ മേഖലയിലെ വനിതകളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണ്. ഈജിപ്തുകാരാണ് തൊട്ടുപിറകില്‍. അതിനിടെ, കൊവിഡ് പ്രതിസന്ധിയും സ്വദേശി വല്‍ക്കരണവും കാരണം രാജ്യത്ത് പ്രവാസി ജോലിക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ വലിയ കുറവ് രേഖപ്പെടുത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

സര്‍ക്കാര്‍ മേഖലയില്‍ 18.8 ശതമാനം പ്രവാസി ജീവനക്കാരും സ്വകാര്യ മേഖലയില്‍ 12 ശതമാനം പ്രവാസി ജീവനക്കാരുമാണ് കുറഞ്ഞത്. 2020-2021 അധ്യയന വര്‍ഷത്തില്‍ ഒമാനിലെ പബ്ലിക് സ്‌കൂളുകളില്‍ 56,827 അധ്യാപകരുണ്ടെന്നാണ് കണക്കുകള്‍. ഇവരില്‍ 48,000ത്തിലേറെ പേരും സ്വദേശികളാണ്. ബാക്കിയുള്ള പ്രവാസികളെ കൂടി ഘട്ടംഘട്ടമായി പിരിച്ചുവിടാനാണ് പദ്ധതി. സ്വദേശിവൽക്കരണം പ്രഖ്യാപിച്ച മേഖലകളില്‍ നിലവില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് വിസ പുതുക്കി നല്‍കാന്‍ അധികൃതർ വിസമ്മതിക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here