2022ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തയാറെടുപ്പുകൾ തുടങ്ങി ബിജെപി

രാജ്യത്ത് അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് തയാറെടുപ്പുകൾ ആരംഭിച്ച് ബിജെപി. ഉത്തർപ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ സംസ്ഥാനങ്ങളിലാണ് ബിജെപി ദേശീയ നേതൃത്വം തയാറെടുപ്പുകൾക്ക് തുടക്കമിട്ടത്.
കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ പ്രാദേശിക സർക്കാരുകൾക്കെതിരെ കടുത്ത ജനവികാരം ഉണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ അത് മറികടക്കാനുള്ള പ്രവർത്തനങ്ങളായിരിക്കും നടത്തുക. 2022 ഫെബ്രുവരി, മാർച്ച് മാസങ്ങളിലാകും തെരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലിടത്തും ബിജെപിയാണ് ഭരിക്കുന്നത്. സംസ്ഥാന സർക്കാരുകളുടെ വിലയിരുത്തലുകൾ എന്നതിലുപരി രാജ്യത്തെ മോദി ഭരണത്തിന്റെ മാറ്റ് പരിശോധന കൂടിയാകും ഇത്.
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ആദ്യഘട്ടമായി സേവന പ്രവർത്തനങ്ങളെ ഉപയോഗിക്കും. പാർട്ടിയുടെ സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിന്റെ നേതൃത്വത്തിൽ ഇതിനായി ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ ഈ സംഘത്തിന്റെ നേതൃത്വത്തിൽ പാർട്ടി അധ്യക്ഷന്മാരുടെ യോഗം വിളിച്ചിരുന്നു.
എല്ലാ മേഖലകളിലും സേവന, ഭക്ഷണ വിതരണ പരിപാടികൾ വ്യത്യസ്ത പേരുകളിൽ വ്യാപകമായി സംഘടിപ്പിക്കാനാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും ഈ സംസ്ഥാനങ്ങളിലെ സന്ദർശനം ഓഗസ്റ്റ് മുതൽ ആരംഭിക്കും. ഉത്തർപ്രദേശിൽ സംയുക്ത പ്രതിപക്ഷമാകും പാർട്ടിയെ നേരിടുക എന്നത് കൊണ്ടുതന്നെ ഒരു വീഴ്ചയുമില്ലാതെ വീടുകൾ കേന്ദ്രീകരിച്ച് പ്രവർത്തനം നടത്താനും ക്ഷേമപദ്ധതികളിലേക്ക് പരമാവധി ആളുകളെ ചേർക്കാനുമാണ് തീരുമാനം. ഇതിനെല്ലാം പുറമേ ആർഎസ്എസിന്റെ പൂർണ മേൽനോട്ടം ഈ സംസ്ഥാനങ്ങളിലെല്ലാം ഉണ്ടാകുന്ന വിധത്തിലാണ് പ്രവർത്തനങ്ങൾ നടത്തുക.
Story Highlights: bjp election campaign for 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here