ദുബായ് സഫാരി പാർക്ക് അടച്ചു; സെപ്റ്റംബറിൽ തുറക്കും

ദുബായ് സഫാരി പാർക്ക് മൂന്ന് മാസത്തേക്ക് അടച്ചു. ചൂടുകാലമായതിനാൽ മൃഗങ്ങളെ സംരക്ഷിക്കാനായാണ് പാർക്ക് അടച്ചത്. സെപ്റ്റംബറിൽ കൂടുതൽ സൗകര്യങ്ങളുമായി പാർക്ക് തുറന്ന് പ്രവർത്തിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. ഈ കാലയളവിൽ മൃഗങ്ങൾ അവരുടെ സ്വാഭാവിക ആവാസ വ്യവസ്ഥകളോട് ചേർന്ന് സുഖപ്രദമായ അന്തരീക്ഷത്തിൽ താമസിക്കും. പാർക്ക് അടച്ചിടുന്ന സമയത്ത് സേവനങ്ങൾ നവീകരിക്കാനും മൃഗങ്ങളുടെ താമസസ്ഥലങ്ങൾ മെച്ചപ്പെടുത്താനും അറ്റകുറ്റപ്പണിക്കും നടപടിയെടുക്കും.
കൊവിഡിനിടയിലും സുരക്ഷ പാലിച്ച് നിരവധി പേർ പാർക്കിൽ എത്തിയതായി പബ്ലിക്ക് പാർക്ക് ആൻഡ് റിക്രിയേഷനൽ ഫെസിലിറ്റീസ് ഡയറക്ടർ അഹ്മദ് അൽ സറൂനി പറഞ്ഞു. സന്ദർശകർക്കായി മികച്ച സുരക്ഷ ഒരുക്കിയിരുന്നു. 3000ത്തോളം ജീവജാലങ്ങളാണ് പാർക്കിലുള്ളത്. 119 ഹെക്ടറിൽ വ്യാപിച്ച് കിടക്കുന്ന പാർക്കിൽ ആഫ്രിക്ക, ഏഷ്യ, അറേബ്യൻ ഡെസേർട്ട് സഫാരി, എക്സ്പ്ലോറർ, അഡ്വഞ്ചർ വില്ലേജ് എന്നിങ്ങനെ അഞ്ച് വ്യത്യസ്ത മേഖലകളുണ്ട്.
സിപ്പ് ലൈനും ബംഗീ ജമ്പും ഉള്ള ഒരു സാഹസിക പ്രദേശം, കുട്ടികൾക്കായി ഒരു സ്പ്ലാഷ് വാട്ടർ സോൺ, ഒരു പാർട്ടി ഏരിയ എന്നിവ ഉൾപ്പെടെ കൂടുതൽ സൗകര്യമൊരുക്കിയായിരിക്കും മൂന്ന് മാസത്തിനുശേഷം പാർക്ക് തുറക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here