Advertisement

‘എന്‍റെ ആദ്യത്തെ ചോറ് പാത്രം; ഈ കഥാ’പാത്രം’ എന്നെക്കാൾ മൂത്തതാണ്’ – ആശംസ നേർന്നും, സ്കൂൾ ഓർമ പങ്കിട്ടും രമേശ് പിഷാരടി

June 1, 2021
Google News 1 minute Read

സ്കൂൾ തുറക്കുമ്പോൾ പുത്തൻ ചോറ്റുപാത്രം സ്കൂളിൽ കൊണ്ടുപോകുന്നവർ എന്ന് ഇപ്പോൾ പറയാൻ പറ്റില്ലെങ്കിലും കൊണ്ട് പോയിട്ടുള്ളവരാകുമല്ലോ നിങ്ങളിൽ പലരും. ജനറേഷൻ മാറുന്നതനുസരിച്ച് കുട്ടികളുടെ ആഗ്രഹങ്ങളും അത് സാധിച്ചു നൽകാനുള്ള മാതാപിതാക്കളുടെ വ്യഗ്രതയും വർധിക്കാറുണ്ട്. എങ്കിൽ രമേശ് പിഷാരടിക്ക് പറയാനുള്ളത് കേൾക്കണം.

സ്‌റ്റേജിലെന്ന പോലെ സോഷ്യല്‍ മീഡിയയിലും രമേശ് പിഷാരടി താരമാണ്. സ്റ്റേജില്‍ കൗണ്ടറുകളിലൂടെ കൈയ്യടി നേടുന്ന പിഷാരടി സോഷ്യല്‍ മീഡിയയില്‍ ക്യാപ്ഷനുകളിലൂടെയാണ് ചിരി പടര്‍ത്തുന്നത്. പലപ്പോഴും ഒരു വാക്ക് കൊണ്ട് പോലും വലിയ ചിരി സൃഷ്ടിക്കാന്‍ പിഷാരടിയ്ക്ക് സാധിച്ചിട്ടുണ്ട്. താരത്തിന്റെ പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

ഇപ്പോഴിതാ രമേശ് പിഷാരടിയുടെ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്. ഇത്തവണ ക്യാപ്ഷനില്‍ തമാശ മാത്രമല്ല ഉള്ളത്. അല്‍പ്പം നൊസ്റ്റാള്‍ജിയയുമുണ്ട്. ഇന്ന് പ്രവേശനോത്സവം നടന്ന ദിവസമാണ്. വീടുകളിലാണെങ്കിലും ഓണ്‍ലൈനിലൂടെ ക്ലാസുകളുടെ ഭാഗമാവുകയാണ് കുട്ടികളെല്ലാം. ഈ സന്ദര്‍ഭത്തില്‍ തന്റെ സ്‌കൂള്‍ ഓര്‍മകള്‍ പങ്കുവെക്കുകയാണ് പിഷാരടി.

താന്‍ സ്‌കൂളില്‍ കൊണ്ടു പോയ ആദ്യത്തെ ചോറ് പാത്രത്തെ കുറിച്ചാണ് പിഷാരടിയുടെ പോസ്റ്റ്. പാത്രത്തിന്റെ ചിത്രവും പിഷാരടി പങ്കുവച്ചിട്ടുണ്ട്. തന്റെ സഹോദരങ്ങളും ഉപയോഗിച്ച പാത്രമായതിനാല്‍ ഈ പാത്രത്തിന് തന്നേക്കാള്‍ പ്രായമുണ്ടെന്നാണ് പിഷാരടി പറയുന്നത്. അധ്യാപകരുടെ അധ്വാനം അംഗീകരിക്കേണ്ടതാണെന്നും പിഷാരടി പറയുന്നു.

”എന്റെ ആദ്യത്തെ ചോറ് പാത്രം(എനിക്ക് മുന്‍പ് എന്റെ സഹോദരങ്ങളും ഉപയോഗിച്ചതാണ് അത് കൊണ്ട് ഈ കഥാ’പാത്രം’ എന്നെക്കാള്‍ മൂത്തതാണ്). കാലത്തിന്റെ പാഠപുസ്തകത്തിലെ ഏറ്റവും പ്രയാസമേറിയ അദ്ധ്യായങ്ങളിലൂടെ നമ്മള്‍ പഠിച്ചും പഠിക്കാതെയും പോകുമ്പോള്‍… ഇന്ന് ഒരുപാട് കുരുന്നുകള്‍ ഒന്നാം തരത്തിലേക്ക് കടക്കുന്നു.കുട്ടികള്‍ക്ക് ഇതും പുതിയ അനുഭവം തന്നെ ആണ് .ശീലം മാറിയത് അധ്യാപകര്‍ക്കാണ് അവരുടെ അധ്വാനം അംഗീകരിക്കപ്പെടേണ്ടതും.എല്ലാ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നന്മകള്‍ നേരുന്നു”, – രമേശ് പിഷാരടി ഫേസ്ബുക്കിൽ കുറിച്ചു.

മിമിക്രി വേദികളില്‍ നിന്നും ടെലിവിഷന്‍ ഷോകളുടെ അവതാരകനായി മാറിയ പിഷാരടി പിന്നീട് സംവിധായകനായി മാറുകയായിരുന്നു. ജയറാം, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ പഞ്ചവര്‍ണ്ണ തത്തയായിരുന്നു ആദ്യ സിനിമ. പിന്നീട് മമ്മൂട്ടിയെ നായകനാക്കി ഗാനഗന്ധര്‍വ്വന്‍ എന്ന സിനിമയും സംവിധാനം ചെയ്തു. ഈയ്യടുത്ത് രാഷ്ട്രീയത്തിലും പിഷാരടി സജീവമായി മാറിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here